കലയിലും സാഹിത്യത്തിലും ദാർശനിക വിശുദ്ധിയുണ്ടാകണം: റഷീദലി ശിഹാബ് തങ്ങൾ
Friday, November 11, 2016 10:13 AM IST
ദുബായ്: കലയിലും സാഹിത്യത്തിലും ദാർശനിക വിശുദ്ധിയുണ്ടാകണമെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ.

45–ാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി സംഘടിപ്പിച്ച സർഗോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാ സാഹിത്യ മൽസരങ്ങൾ അക്കാഡമിക് പ്രവർത്തനത്തിന്റെ ഭാഗമാണെന്നും എഴുത്തും വായനയും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അനീതിക്കെതിരെയുള്ള പ്രതിരോധം തീർക്കാൻ കലാസാഹിത്യ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികൾക്കിടയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നതിനും ദുബായ് കെഎംസിസി നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദഹം പറഞ്ഞു. ഗർഹൂദ് എൻഐ മോഡൽ സ്കൂളിൽ നടക്കുന്ന കലാ മൽസരങ്ങളിൽ അഞ്ഞൂറിലധികം കലാ പ്രതിഭകളാണ് മാറ്റുരക്കുന്നത്. വെള്ളി രാവിലെ ഒമ്പതിന് ആരംഭിച്ച മൽസരങ്ങൾ രാത്രി വൈകിയും തുടരുകയാണ് സംസഥാന സ്കൂൾ കലോൽസവ മാന്വൽ അടിസ്‌ഥാനമാക്കി നടക്കുന്ന കലോൽസവത്തിൽ ജില്ലകൾ തമ്മിലുള്ള ആവേശകരമായ മൽസരമാണ് നടക്കുന്നത്. പ്രത്യേകം തയാറാക്കിയ അഞ്ച് വേദികളിലായി 25 ഇനങ്ങളിൽ ആണ് മൽസരം പുരോഗമിക്കുന്നത്. പ്രസംഗം (മലയാളം,ഇഗ്ലീഷ്), അറബി ഗാനം, കവിതാ പാരായണം, (മലയാളം) ഉർദു പദ്യം,ദേശ ഭക്‌തി ഗാനം,മിമിക്രി,മോണോആക്ട്, മാപ്പിളപാട്ട്, ദഫ്മുട്ട്, ഒപ്പന,കോൽകളി,അറബന മുട്ട്, എന്നീ ഇനങ്ങളിൽ സ്റ്റേജ് മൽസരങ്ങളും ചെറുകഥ(മലയാളം) പ്രബന്ധം(മലയാളം,ഇഗ്ലീഷ്),കവിതാ രചന,മാപ്പിളപ്പാട്ട് രചന,മുദ്രാവാക്യ രചന, വാർത്താ പാരായണം, ക്വിസ്,കാർട്ടൂൺ,ഡ്രോയിംഗ്, പെയിന്റിംഗ്, എന്നീ സ്റ്റേജിതര മത്സരങ്ങളുമാണ് കലാസാഹിത്യ മത്സരങ്ങളുടെ ഭാഗമായി നടക്കുന്നത്. പക്കർ പന്നൂർ, ഹനീഫ് മുടിക്കോട് എന്നീ പ്രഗൽഭരായ വിധികർത്താക്കളാണ് മത്സരത്തിന്റെ വിധി നിർണയത്തിനായി നാട്ടിൽ നിന്ന് എത്തിയിട്ടുള്ളത്. താഹിർ ഇസ്മായിൽ ജലീൽ പട്ടാമ്പി, സലിം അയ്യനത്ത്, മുജീബ് ജൈഹൂൻ, ഷിയാസ് അഹമ്മദ്, അബ്ദുൽ റഷീദ് ഹുദവി, അബാസ് അലി ഹുദവി തുടങ്ങിയവരും വിധികർത്താക്കളായി ഉണ്ട്.

അവസാനം ലഭിച്ച മത്സര ഫലം അനുസരിച്ച് കോഴികോട് 45 പോയിന്റ് നേടി ഒന്നാമതും 43 പോയിന്റ് നേടി കണ്ണൂർ രണ്ടാമതും 38 പോയിന്റ് നേടി മലപ്പുറം മൂന്നാമതും 34 പോയിന്റ് നേടി പാലക്കാട് നാലാമതുമാണ്. കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഡിസംബർ 2ന് നടക്കുന്ന ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തിൽ ഓവറോൾ കിരീടം സമ്മാനിക്കും.

ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ച ചടങ്ങിൽ സർഗധാര കമ്മിറ്റി ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ, സ്വാഗതവും കൺവീനർ മൂസ കോയമ്പം എന്നിവർ പ്രസംഗിച്ചു. യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, വൈസ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ, ദുബൈ കെഎംസിസി ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, അബ്ദുൽ ജബാർ ഹോട്ട് പാക്ക്, അഡ്വ. സിറാജുദ്ദീൻ പാൻ ഗൾഫ്,കഥാകൃത്ത് ലത്തീഫ് മമ്മിയൂർ, മജീദ് പന്തലൂർ, ദുബൈ കെഎംസിസി സംസ്‌ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂർ,മുഹമ്മദ് പട്ടാമ്പി,ആവയിൽ ഉമ്മർ ഹാജി, എം.എ. മുഹമ്മദ് കുഞ്ഞി, എൻ.കെ ഇബ്രാഹിം, അഡ്വ: സാജിദ് അബൂബക്കർ,ഇസ്മായിൽ ഏറാമല, അബ്ദുൾഖാദർ അരിപാമ്പ്ര, ആർ.ഷുക്കൂർ, സൈനുദ്ദീൻ ചേലേരി എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ