ജർമൻ തെരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടൽ; മെർക്കലിന് ആശങ്ക
Friday, November 11, 2016 10:15 AM IST
ബർലിൻ: അടുത്ത വർഷം സെപ്റ്റംബറിൽ ജർമനിയിൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ റഷ്യ ശ്രമിച്ചേക്കുമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ ആശങ്ക പ്രകടിപ്പിച്ചു. സൈബർ ആക്രമണങ്ങളും തെറ്റിദ്ധാരണ പരത്തലും വഴിയാവാം അവരിതു ചെയ്യുന്നതെന്നും മെർക്കൽ.

റഷ്യ നടത്തുന്ന ഇന്റർനെറ്റ് ആക്രമണങ്ങളെക്കുറിച്ചും അവർ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും ഇപ്പോൾ തന്നെ നമ്മൾ കേൾക്കുന്നു. ഇതിപ്പോൾ ദിവസംപ്രതിയായെന്നും ചാൻസലർ ചൂണ്ടിക്കാട്ടി.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിന്റനെയും ഡെമോക്രാറ്റിക് പാർട്ടിയെയും ലക്ഷ്യമിട്ട് നിരവധി സൈബർ ആക്രമണങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. സമാനമായ പ്രശ്നം ജർമൻ തെരഞ്ഞെടുപ്പിലും പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മെർക്കൽ. പുടിന്റെ ഇടപെടൽ മൂലമാണ് യുഎസ് തെരഞ്ഞെടുപ്പിൽ ട്രംപിന് അപ്രതീക്ഷിത വജയം ലഭിച്ചതെന്നും യൂറോപ്യൻ മാധ്യമങ്ങൾ പ്രത്യേകിച്ച് ജർമൻ മാധ്യമങ്ങൾ പറയുന്നുണ്ട്.

യുഎസ് തെരഞ്ഞെടുപ്പിൽ റഷ്യൻ സർക്കാർ ഇടപെടാൻ ശ്രമിക്കുന്നതായി യുഎസ് സർക്കാർ കഴിഞ്ഞ മാസം പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നത് ഇപ്പോൾ ശരിവയ്ക്കുന്നതാണ് മെർക്കലിന്റെ ഒടുവിലത്തെ പ്രതികരണം. തെരഞ്ഞെടുപ്പിനെ നേരിട്ട് നാലാമൂഴവും ജർമൻ ചാൻസലറാകുമെന്നു കരുതുന്ന മെർക്കലിനെ തെറിപ്പിക്കാൻ റഷ്യയുടെ നേതൃത്വത്തിൽ ഗൂഢാലോചനയുള്ളതായും മെർക്കൽ ക്യാമ്പ് കരുതുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ