ട്രംപിന്റെ ജൈത്രയാത്ര തുടരുന്നു ; ഇലക്ടറൽ വോട്ടുകളുടെ എണ്ണം വീണ്ടും ഉയർന്നു
Saturday, November 12, 2016 5:25 AM IST
ഫീനിക്സ് (അരിസോണ): പൊതുതിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിക്കുമ്പോൾ ട്രംപിനുണ്ടായിരുന്ന ഇലക്ടറൽ വോട്ടുകളുടെ എണ്ണം 279. വ്യാഴാഴ്ച വൈകിട്ട് അരിസോണയിലെ അവസാന ഫലം പ്രഖ്യാപിച്ചപ്പോൾ ട്രംപിന് 11 വോട്ടുകൾ കൂടി ലഭിച്ചതോടെ ലീഡ് 290 ആയി ഉയർന്നു. എന്നാൽ പോപ്പുലർ വോട്ടുകൾ ഹിലരിയേക്കാൾ നാലു ലക്ഷം കുറവാണ്.

കഴിഞ്ഞ 20 വർഷമായി റിപ്പബ്ലിക്കൻ പാർട്ടിയെ തുണച്ചിരുന്ന സംസ്‌ഥാനം ഇക്കുറിയും ട്രംപിനെ തന്നെയാണ് വിജയിപ്പിച്ചത്. 1996ലാണ് അവസാനമായി അരിസോണ ബിൽ ക്ലിന്റനിലൂടെ ഡമോക്രാറ്റിക്ക് പാർട്ടി പിടിച്ചെടുത്തത്.

ബരാക്ക് ഒബാമയെ ഒമ്പതപ ശതമാനം വോട്ടുകളുടെ വ്യത്യാസത്തിലാണ് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതെങ്കിൽ ഇത്തവണ ഹിലരി അത് നാലു ശതമാനമായി കുറച്ചുവെന്നു ഡമോക്രാറ്റിക്ക് പാർട്ടിക്ക് അൽപം ആശ്വാസം നൽകിയിട്ടുണ്ട്.

അരിസോണയിൽ ക്ലിന്റനു മുമ്പ് ജയിച്ച ഏക ഡമോക്രാറ്റിക്ക് സ്‌ഥാനാർത്ഥി ഹാരി എസ് ട്രു മാനാണ്. അരിസോണ തിര!ഞ്ഞെടുപ്പിൽ ട്രംപ് 1021154 വോട്ടുകൾ(49.5%) നേടിയപ്പോൾ ഹിലരിക്ക് ലഭിച്ചത് 936250(45.4%) വോട്ടുകളാണ്. ട്രംപിന് 84904 വോട്ടുകളുടെ ഭൂരിപക്ഷം. അരിസോണയിലെ പല സ്‌ഥലങ്ങളിലും ലറ്റിനൊ വോട്ടർമാർക്ക് നിർണ്ണായക സ്വാധീനമുണ്ടായിരുന്നതിനാൽ ഇത്തവണ ഇവിടെ ഹിലറി ജയിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഒബാമ ഭരണ കൂടത്തോടുളള ആഫ്രിക്കൻ– അമേരിക്കക്കാരുടെ അമർഷവും ലാറ്റിനൊ വോട്ടർമാരുടെ പോളിങ് കുറഞ്ഞതുമാണ് ഹിലരിയുടെ പരാജയത്തിന് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിപ്പോർട്ട്: പി. പി. ചെറിയാൻ