വേൾഡ് മലയാളി കൗൺസിലിന്റെ പദ്ധതികൾക്ക് സർക്കാരിന്റെ പിന്തുണ: മന്ത്രി വി.കെ സുനിൽകുമാർ
Saturday, November 12, 2016 5:25 AM IST
കൊളംബോ: വേൾഡ് മലയാളി കൗൺസിൽ ആവിഷ്കരിക്കുന്ന ഭാവനാപൂർണമായ പദ്ധതികൾക്കും കർമപരിപാടികൾക്കും കേരള സർക്കാരിന്റെ പൂർണ പിന്തുണ സംസ്‌ഥാന കൃഷി വകുപ്പു മന്ത്രി വി.കെ സുനിൽകുമാർ വാഗ്ദാനം ചെയ്തു. കഴിഞ്ഞ മൂന്നു ദിവസമായി നിഗംബോയിലെ ജെറ്റ് വിംഗ് ബ്ലൂ റിസോർട്ട് ഹോട്ടലിൽ നടന്നുവന്ന വേൾഡ് മലയാളി കൗൺസിൽ 10–ാമത് ഗ്ലോബൽ കോൺഫറൻസിന്റെ സമാപന സമ്മേളനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് രൂപീകൃതമായ വേൾഡ് മലയാളി കൗൺസിൽ ലോകമലയാളികൾ തമ്മിൽ സ്നേഹവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിൽ വളരെ മുൻപന്തിയിലാണെന്ന് മനസ്സിലാക്കുന്നു. ഈ സംഘടന നാട്ടിലെ നിർദ്ധനരും നിരാലംബരുമായ വ്യക്‌തികൾക്ക് അവരുടെ ആവശ്യങ്ങൾ അനുസരിച്ച് സഹായങ്ങൾ എത്തിച്ചുകൊടുത്ത് ജീവകാരുണ്യ പ്രവർത്തന രംഗത്തും മാതൃകാപരമായ സമീപനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. അതുപോലെ നാടിന്റെ വികസനകാര്യത്തിലും നിക്ഷേപരംഗത്തും സംഘടന ഗുണപരമായ നിലപാടുകൾ എടുക്കുന്നുവെന്നത് സന്തോഷകരമാണ്. കൊളംബോ കോൺഫറൻസിൽ ആശാവഹമായ പല തീരുമാനങ്ങളും എടുത്തതായാണ് അറിയുന്നത്. അത്തരം പദ്ധതികൾക്കെല്ലാം കേരള സർക്കാരിന്റെ പൂർണ പിന്തുണയും സഹകരണവും അറിയിക്കുവാൻ ഈ അവസരം വിനിയോഗിക്കുന്നു...’ മന്ത്രി പറഞ്ഞു.

നിശബ്ദ പ്രാർത്ഥനയോടു കൂടി വൈകിട്ട് ആറരയ്ക്ക് ആരംഭിച്ച സമാപന സമ്മേളനത്തിൽ ശ്രീലങ്ക ഫോറിൻ അഫയേഴ്സ് മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ഒ.എൽ അമീർ അജ്വാദ് മുഖ്യ പ്രഭാഷകനായിരുന്നു. കേരള നിയമ സഭയെ പ്രതിനിധീകരിച്ച് കോതമംഗലം എം.എൽ.എ ആന്റണി ജോൺ, സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ, പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി, ശ്രീലങ്കൻ സർക്കാരിനെ പ്രതിനിധീകരിച്ച് ഹെൽത്ത് സർവീസസിന്റെ ആക്ടിങ്ങ് ഡയറക്ടർ ജനറൽ ഡോ. അമൽ ഹർഷ ഡിസിൽവ, കൗൺസിലിന്റെ ഇന്ത്യ റീജിയൺ ചെയർമാൻ ബേബി മാത്യു സോമതീരം തുടങ്ങിവർ ആശംസകൾ അർപ്പിച്ചു. ഗ്ലോബൽ പ്രസിഡന്റ് മാത്യു ജേക്കബ്ബ് സന്ദേശം നൽകി. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ട് സ്വാഗതവും മിഡിൽ ഈസ്റ്റ് റീജിയൻ പ്രതിനിധി ജോൺ മത്തായി നന്ദിയും പറഞ്ഞു.

കൗൺസിലിന്റെ 2016–18 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തു. പ്രമുഖ വ്യവസായിയും, ദുബായിലും ഇന്ത്യയിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുള്ള വ്യക്‌തിയുമായ ഡോ. പി.എ ഇബ്രാഹിം ഹാജി ആണ് ചെയർമാൻ. മറ്റ് ഭാരവാഹികളുടെ പേര് വിവരം ഇനി പറയുന്നു. വൈസ് ചെയർ പേഴ്സൺസ്: ഡോ. കെ.ജി വിജയലക്ഷ്മി (തിരുവനന്തപുരം), സിസിലി ജേക്കബ്ബ് (നൈജീരിയ), ഷാജു കുര്യാക്കോസ് (അയർലണ്ട്). പ്രസിഡന്റ്: മാത്യു ജേക്കബ്ബ് (ജർമനി). അഡ്മിനിസ്ട്രേറ്റീവ് വൈസ് പ്രസിഡന്റ്: ഡോ. ജോർജ് കാക്കനാട്ട് (ഹൂസ്റ്റൺ). വൈസ് പ്രസിഡന്റുമാർ: ബിജു ജോസഫ് (അയർലണ്ട്), ജോൺസൺ തലച്ചെല്ലൂർ (ടെക്സസ്). ജനറൽ സെക്രട്ടറി: സാം മാത്യു (സൗദി അറേബ്യ). അസോസിയേറ്റ് സെക്രട്ടറി: ലിജു മാത്യു (ദുബായ്). ട്രഷറർ: തോമസ് അറമ്പൻകുടി (ജർമനി). ചീഫ് ഇലക്ഷൻ കമ്മീഷണർ: ജോസഫ് കിള്ളിയാൻ (ജർമനി), അഡ്വൈസറി ബോർഡ് ചെയർമാൻ: ഗോപാല പിള്ള(ടെക്സസ്).

സബ് കമ്മറ്റികൾ: ഡബ്ല്യുഎംസി സെന്റർ: ആൻഡ്രൂ പാപ്പച്ചൻ (യുഎസ്എ), പബ്ലിസിറ്റി ആൻഡ് പബ്ലിക് റിലേഷൻ: സാം ഡേവിഡ് മാത്യു (മസ്കറ്റ്), പ്രവാസി വെൽഫെയർ: ഷിബു വർഗീസ് (അബുദാബി), വെബ്സൈറ്റ് അഡ്മിൻ, വി.പി അഡ്മിൻ: ഡൊമിനിക് സാവിയോ (കോയമ്പത്തൂർ), സുജിത്ത് വർഗീസ് (ഫുജൈറ), ജോസ് ചാക്കോ (മസ്കറ്റ്). വിമൻസ് ഫോറം: പ്രേമ പിള്ള (തിരുവനന്തപുരം), യൂത്ത് ഫോറം: റെജി തോമസ് (ഷാർജ), ടൂറിസം: ബാബു അലക്സ് (തിരുവനന്തപുരം), എഡ്യുക്കേഷൻ: ഡോ.ജോൺ ഫിലിപ്സ് മാത്യു (മസ്കറ്റ്), ഗുഡ് വിൽ അംബാസഡർ: ജോൺ മത്തായി (ഷാർജ).

കൊളംബോ കോൺഫറൻസിനോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ എടുത്ത തീരുമാനങ്ങളിൽ സുപ്രധാനമായവ ഇവയാണ്... * തൃശൂർ ജില്ലയിലെ വന്ദനപ്പള്ളി പഞ്ചായത്തിലുള്ള വിമലഗിരി ട്രൈബൽ കോളനി അഡോപ്റ്റ് ചെയ്യും * കേരളത്തിൽ ഡബ്ല്യു.എം.സി സെന്ററും ഹിസ്റ്ററി മ്യൂസിയവും ആരംഭിക്കും. ഇതിന്റെ ഔപചാരികമായ കല്ലിടീൽ കർമം 2017 ഓഗസ്റ്റിൽ നടക്കുന്ന എൻ.ആർ.കെ സമ്മേളനത്തിൽ നിർവഹിക്കപ്പെടും * മലയാളി ബിസിനസ്സുകാരെ തമ്മിൽ കോർത്തിണക്കുന്നതിനായി വേൾഡ് വൈഡ് മലയാളി ചേംബർ ഓഫ് കൊമേഴ്സ് ഡബ്ല്യു.എം.സിയുമായി ചേർന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചു * മറ്റ് ഇന്ത്യൻ സംഘടനകളുമായി ചേർന്ന് പ്രവാസി മലയാളികൾക്ക് വോട്ടവകാശം നേടിയെടുക്കാൻ പരിശ്രമിക്കും * ഗൾഫ് രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന നിർദ്ധനരായ മലയാളികൾക്ക് പ്രതിമാസ പെൻഷൻ പദ്ധതി നടപ്പാക്കും.

പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്‌ഞയ്ക്ക് ശേഷം ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ്, ശ്രീലങ്കൻ ഫ്യൂഷൻ ഡാൻസ് ബാങ്ക്വറ്റ് തുടങ്ങിയവയോടെയാണ് വേൾഡ് മലയാളി കൗൺസിൽ 10–ാമത് ഗ്ലോബൽ കോൺഫറൻസിന്റെ തിരശീല വീണത്.

റിപ്പോർട്ട്: ഡോ. ജോർജ് എം കാക്കനാട്ട്