മലയാളം സ്കൂളിന്റെ വാർഷികവും, കേരളപ്പിറവിയും ആഘോഷിച്ചു
Sunday, November 13, 2016 3:49 AM IST
ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയത്തിൽ കഴിഞ്ഞ 14 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന മലയാളം സ്കൂളിന്റെ വാർഷികവും, കേരളപ്പിറവി ദിനാഘോഷവും സംയുക്‌തമായി നവംബർ ആറാംതീയതി ഞായറാഴ്ച വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

പ്രശസ്ത പ്രവാസി മാധ്യമ പ്രവർത്തകൻ ജോർജ് തുമ്പയിൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വളർന്നുവരുന്ന പുതു തലമുറയെ നമ്മുടെ സംസ്കാരത്തിലും പൈതൃകത്തിലും വളർത്തേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് ജോർജ് തുമ്പയിൽ പറഞ്ഞു. ചടങ്ങിൽ ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി അധ്യക്ഷത വഹിച്ചു. അറിവിന്റെ ലോകത്തിലേക്ക് പുതുതായി കടന്നുവന്ന കുട്ടികളെ ജോസ് അച്ചൻ അരിയിൽ ആദ്യാക്ഷരം എഴുതിപ്പിച്ചു.



മലയാളം സ്കൂൾ പ്രിൻസിപ്പൽ ജോജോ ഒഴുകയിൽ സ്കൂളിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അസി. വികാരി ഫാ. റോയിസൺ മേനോലിക്കൽ, കൈക്കാരൻ ആന്റണി കൈതാരം എന്നിവർ പ്രസംഗിച്ചു. എസ്.എം.സി.സി പ്രസിഡന്റ് ഷാജി സഖറിയ സ്വാഗതവും, ഷൈജു കളത്തിൽ കൃതജ്‌ഞതയും പറഞ്ഞു. എയ്ഞ്ചൽ എഡ്വിൻ എം.സിയായി പരിപാടികൾ നിയന്ത്രിച്ചു.

മലയാളം സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിനു മോടികൂട്ടി. മലയാളം സ്കൂൾ അസിസ്റ്റന്റ് പ്രിൻസിപ്പൽ ഷാറ്റി കാത്തി, മേരിക്കുട്ടി തെള്ളിയാങ്കൽ, ജോസഫ് പൊറ്റയിൽ, അരുൺ എടനാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷോളി കുമ്പിളുവേലി