ഹൈഡൽബർഗിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുനാൾ ആഘോഷിച്ചു
Sunday, November 13, 2016 3:50 AM IST
ഹൈഡൽബർഗ് : ജർമനിയിലെ ഇൻഡ്യൻ ഓർത്തഡോക്സ് സഭ ഹൈഡൽബർഗ് ഇടവകയുടെ ആഭിമുഖ്യത്തിൽ പുണ്യശ്ളോകനായ പരിശുദ്ധ പരുമല തിരുമേനിയുടെ 114–ാമതു ഓർമപ്പെരുന്നാൾ ഭക്‌തിപൂർവ്വം ആഘോഷിച്ചു.

ഹൈഡൽബർഗിലെ മാർക്കുസ് ഇവാജ്‌ജലിയ്ക്കൽ ദേവാലയത്തിൽ നവംബർ അഞ്ചിനു ശനിയാഴ്ച രാവിലെ പത്തിനു നടന്ന വിശുദ്ധകർമ്മങ്ങൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോർ മാർ ദിയകോറോസ് നേതൃത്വം വഹിച്ചു. ഇറ്റലിയിൽ ഉപരിപഠനം നടത്തുന്ന ഫാ. വിനു വർഗീസ് സഹകാർമ്മികനായി. വി.കുർബാനയെ തുടർന്നു റാസയും, കൈമുത്തും, നേർച്ച വിളമ്പും, സമൂഹവിരുന്നും ഉണ്ടായിരുന്നു.



പ്രാർത്ഥനയും സേവനവും സമന്വയിപ്പിച്ച് ആധ്യാത്മികവും സാമൂഹ്യവുമായ മേഖലകളിൽ പരിശുദ്ധിയുടെ പരിമളം പരത്തിയ മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധന്റെ ഓർമ്മപ്പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കുവാൻ ജർമനിയിലെ വിവിധ സ്‌ഥലങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ എത്തിയിരുന്നു. പരിപാടികൾക്ക് ശോശാമ്മ വർഗീസ,് തോമസ് വർഗീസ്, അന്നമ്മ കുരുവിള തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ