സമാധാനം, മാനവിത– സോഷ്യൽ മീഡിയകളുടെ പങ്ക്; തുറന്ന ചർച്ച ശ്രദ്ധേയമായി
Sunday, November 13, 2016 3:51 AM IST
ജിദ്ദ: ’സമാധാനം മാനവികത’ കാമ്പയിനോടനുബന്ധിച്ചു തനിമ ഖാലിദ് ബ്നു വലീദ് ഏരിയ ജിദ്ദയിലെ പ്രധാന സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളുടെ തുറന്ന ചർച്ച സംഘടിപ്പിച്ചു. ഷറഫിയ ഗ്രീൻലാൻഡ് റസ്റ്റാറന്റിൽ വച്ചു നടന്ന ചർച്ച സാമൂഹ്യ പ്രവർത്തകൻ ഇസ്മായിൽ കല്ലായി ഉദ്ഘാടനം ചെയ്തു. മുഖ്യധാരാ മാധ്യമങ്ങൾ അവരവർക്ക് തോന്നുന്ന രീതിയിൽ വാർത്തകളെ വളച്ചൊടിക്കുമ്പോൾ സോഷ്യൽ മീഡിയ പലപ്പോഴും തിരുത്തൽ ശക്‌തിയായി മാറുന്നുണ്ടെന്നും എന്നാൽ ഈ രംഗത്തും സത്യസന്ധത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് ഇന്ത്യ ജിദ്ദ നോർത്ത് സോൺ പ്രസിഡന്റ് ഉമർ ഫാറൂഖ് വിഷയം അവതരിപ്പിച്ചു. രാജ്യത്തെ ഭാരണകൂടങ്ങൾ തന്നെ തങ്ങൾ കെട്ടിപ്പൊക്കിയ മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന അവസ്‌ഥയിലേക്ക് എത്തിയിരിക്കുന്ന സാഹചര്യത്തിൽ സമൂഹത്തിന്റെ പൊതുഅഭിപ്രായം രൂപപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയകളുടെ കൃത്യമായ ഇടപെടലുകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പോലും സമാധാനവും മാനവികതയും ദിനേന കശാപ്പുചെയ്യപ്പെടുന്നതായും സോഷ്യൽ മീഡിയയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പലപ്പോഴും വേദിയാകുന്നത് എന്നതും സങ്കടകരമാണെന്നു ബഷീർ വള്ളിക്കുന്ന് പറഞ്ഞു.

നമ്മുടെ നഷ്‌ടപ്പെട്ടു പോയ പല മൂല്യങ്ങളും ഇന്നു സോഷ്യൽ മീഡിയകൾ വഴി തിരിച്ചു പിടിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും അത് പരിപൂർണമല്ലെന്നും അതിനാവണം നമ്മുടെ ശ്രമങ്ങളെന്നും ഉസ്മാൻ ഇരിങ്ങാട്ടിരി ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയകളുടെ കടന്നുവരവ് വ്യക്‌തിബന്ധങ്ങളുടെ വില കുറച്ചതായും എല്ലാവരും അവനവനിലേക്ക് ഒതുങ്ങികൂടിയതായും അബ്ദുള്ള മുക്കണ്ണി അഭിപ്രായപ്പട്ടു. നന്മയും തിന്മയും മുഖാമുഖം നിൽക്കുന്ന സോഷ്യൽ മീഡിയയിൽ നന്മയുടെ വക്‌താക്കളാകാൻ ഓരോരുത്തർക്കും സാധിക്കണമെന്നു നാസർ വേങ്ങര ആവശ്യപ്പെട്ടു. കമ്പ്യൂട്ടറിലെ വൈറസെന്ന പോലെ സോഷ്യൽ മീഡിയയിലും വൈറസിന്റെ അതിപ്രസരമാണെന്നും ഇതിനെതിരിലുള്ള ആന്റി വൈറസുകളായി മാറാൻ നന്മ ആഗ്രഹിക്കുന്നവർ ശ്രമിക്കണമെന്ന് സലീം വാരിക്കോടൻ ആവശ്യപ്പെട്ടു.

കൊമ്പൻ മൂസ, ഷാജു അത്താണിക്കൽ, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, അക്ബർ പാറമ്മൽ, ഷമീം. വി. കെ, ഹംസ എലാന്തി, നൗഷാദ് നിടോളി തുടങ്ങിവരും ചർച്ചയിൽ സംസാരിച്ചു. മെഹബൂബ് അലി പത്തപ്പിരിയം ചർച്ച നിയന്ത്രിച്ചു. സാദിഖലി തുവ്വൂർ സ്വാഗതവും അബ്ദുൽ അസീസ് ടി. എം നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി മുസ്തഫ പെരുവള്ളൂർ