മലർവാടി ജിദ്ദ സൗത്ത് സോൺ കുട്ടികളുടെ സംഗമം നടത്തി
Monday, November 14, 2016 6:36 AM IST
ജിദ്ദ: തനിമ ‘സമാധാനം മാനവികത’ കാമ്പയിനോടനുബന്ധിച്ച് മലർവാടി ജിദ്ദ സൗത്ത് സോൺ സംഘടിപ്പിച്ച കുട്ടികളുടെ ഒത്തുചേരൽ ശ്രദ്ധേയമായി. കോർണീഷിലെ സീഗിൾസ് റസ്റ്ററന്റിൽ അരങ്ങേറിയ ‘കലപില’ പരിപാടിയിൽ ജിദ്ദയിലെ അറിയപ്പെടുന്ന ചിത്രകാരനും മലർവാടി സ്ട്രൈക്കേഴ്സ് ഭാരവാഹിയുമായ ഇ.എസ്. രവീന്ദ്രന്റെ ചിത്രത്തിന് കുട്ടികൾ വിവിധ വർണങ്ങൾ നൽകിയതിനുശേഷം ചിത്രകാരൻ ചിത്രം പൂർത്തിയാക്കുകയും ചെയ്തപ്പോൾ അത് മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വലിയൊരു ക്യാൻവാസായി മാറി.

മലർവാടി കോഓർഡിനേറ്റർ അബ്ദുൾ കബീർ മുഹ്സിൻ കുട്ടികളോട് സംസാരിച്ചു. വിവിധ സമൂഹങ്ങളും മതവിശ്വാസികളും തമ്മിൽ പരസ്പര വിശ്വാസവും സഹകരണവുമാണ് വ്യക്‌തികളുടേയും സമൂഹത്തിന്റേയും രാജ്യത്തിന്റെയും സമാധാനത്തിന്റെ അടിസ്‌ഥാനമെന്ന് അദ്ദേഹം കുട്ടികളെ ഉണർത്തി.

ഒരുമയുടെ പ്രാധാന്യം ഊട്ടി ഉറപ്പിച്ചുകൊണ്ട് ‘കലപില’യിൽ ഒരുക്കിയിരുന്ന ‘വി ഹ്യൂമൻ’ എന്ന കളിയും പുതുതലമുറക്ക് പരിചിതമല്ലാത്ത നാടൻ കളികളായ നൂറ്റാം കോൽ, ഗോട്ടികളി, കൊത്താം കല്ല്, മിഠായി കളി, കക്ക കളി, പേനകളി തുടങ്ങിയവ ഒത്തൊരുമയോടെ ഏറെ ആവേശത്തോടെയാണ് കുട്ടികൾ കളിച്ചത്. രാജ്യത്തിന്റെ സാമാധാനവും മൈത്രിയും വരും തലമുറയിൽ ഭദ്രമാണ് എന്ന സന്ദേശമാണ് ഈ ഒത്തുചേരലിൽ പങ്കെടുത്ത ഇരുന്നൂറിലധികം കുട്ടികളും സമൂഹത്തിന് നൽകിയത്.

സി.എച്ച്. റാഷിദ്, മുഹമ്മദലി ഓവുങ്ങൽ, വസീം നാസർ, വി.കെ. ഇസ്മയിൽ, റസാഖ് മാസ്റ്റർ, സൈനുൻ ആബിദ്, ശക്കീല ബഷീർ, ഷൈമ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ