നൃത്താഞ്ജലി ആൻഡ് കലോത്സവത്തിന് ഉജ്‌ജ്വല സമാപനം
Monday, November 14, 2016 6:38 AM IST
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ നൃത്താഞ്ജലി ആൻഡ് കലോത്സവത്തിന് ഉജ്‌ജ്വല സമാപനം. രണ്ടു ദിവസങ്ങളിലായി നടന്ന കൗമാര പ്രതിഭകളുടെ കലാ മാമാങ്കം ഗ്രിഫിത്ത് അവന്യു സ്കൂൾ ഹാളിൽ നവംബർ നാലിന് ഡബ്ലിൻ ലോർഡ് മേയറുടെ പ്രതിനിധി കൗൺസിലർ നോയ്ലിൻ റെയ്ലി ഉദ്ഘാടനം ചെയ്തു. ഡബ്ല്യുഎംസി ചെയർമാൻ ജോൺ ചാക്കോ, സെക്രട്ടറി ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു. മേയർക്കുള്ള ഉപഹാരം പ്രസിഡന്റ് ടിജോ മാത്യു സമ്മാനിച്ചു. സിൽവിയ അനിത്ത് സൂസൻ ജോർജ് എന്നിവർ രണ്ടു ദിവസത്തെ പരിപാടികളുടെ അവതാരകരായിരുന്നു.

സിനിമാറ്റിക് നൃത്തം, കഥ പറച്ചിൽ, കരോക്കെ സോംഗ് എന്നിവയിൽ ഒന്നാം സ്‌ഥാനവും കളറിംഗ്, ആക്ഷൻ സോംഗ് എന്നിവയിൽ രണ്ടാം സ്‌ഥാനവും ഫാൻസി ഡ്രസിൽ മൂന്നാം സ്‌ഥാനവും നേടി ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ച സ്വര രാമൻ നമ്പൂതിരിയാണ് സബ്ജൂണിയർ വിഭാഗത്തിൽ കലാതിലകമായും ഭരതനാട്യം, മോഹിനിയാട്ടം, കവിത പാരായണം എന്നിവയിൽ ഒന്നാം സ്‌ഥാനവും കുച്ചിപ്പുടി, സിനിമാറ്റിക് നൃത്തം എന്നിവയിൽ രണ്ടാം സ്‌ഥാനവും നാടൻ പാട്ടിൽ മൂന്നാം സ്‌ഥാനവും നേടി സപ്ത രാമൻ നമ്പൂതിരി സീനിയർ വിഭാഗത്തിൽ തുടർച്ചയായി കലാതിലക പട്ടം നേടി.

നൃത്താഞ്ജലി ആൻഡ് കലോത്സവം വിജയമാക്കിയ മത്സരാർഥികളോടും അവരുടെ മാതാപിതാക്കളോടും വിധികർത്താക്കളോടും ഡബ്ല്യുഎംസി അയർലൻഡ് എക്സിക്യൂട്ടീവ് കൗൺസിൽ നന്ദി പറഞ്ഞു.

മത്സരങ്ങളുടെ ഫലങ്ങൾ നൃത്താഞ്ജലി വെബ്സൈറ്റിൽ http://www.nrithanjali.com/misc/results2016.phpലഭ്യമാണ്.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ