രണ്ട് മില്യൺ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തും: ട്രംപ്
Monday, November 14, 2016 6:47 AM IST
വാഷിംഗ്ടൺ: അടുത്ത ജനുവരിയിൽ അധികാരം ഏറ്റെടുത്താൽ ഉടനെ അമേരിക്കയിൽ അനധികൃതമായി കുടിയേറിയ രണ്ടു മില്യണിലധികം പേരെ നാടു കടത്തുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്ന് ഞായറാഴ്ച ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചനി നൽകി.

അഞ്ചു മില്യണിലധികം അനധികൃത കുടിയേറ്റക്കാർ ഇവിടെ ഉണ്ടെന്നാണ് സ്‌ഥിതി വിവര കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടവർ, ക്രിമിനൽ സംഘങ്ങൾ, മയക്കുമരുന്നു മാഫിയ എന്നിവർക്കെതിരെയാണ് ആദ്യ നടപടികൾ ഉണ്ടാകുകയെന്നും ട്രംപ് പറഞ്ഞു. ഈ സംഖ്യ മൂന്ന് മില്യൺവരെ ഉയരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയിൽ വർധിച്ചു വരുന്ന ക്രിമിനൽ കേസുകളിൽ നല്ലൊരു ശതമാനം അനധികൃത കുടിയേറ്റക്കാരാണ് പ്രതികൾ. അനധികൃത കുടിയേറ്റ വിഷയത്തിൽ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം നിറവേറ്റുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ട്രംപ്. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിന് അതിർത്തിയിൽ സുരക്ഷ ശക്‌തമാക്കുമെന്നും അതിനുശേഷമായിരിക്കും ഊർജിത നടപടികൾ സ്വീകരിക്കുകയെന്നും ട്രംപ് പറഞ്ഞു. ഇത്തരക്കാരിൽ ഹിസ്പാനിക്ക് ജനവിഭാഗമാണ് ഭൂരിപക്ഷവും. എന്നാൽ ഏഷ്യ പോലെയുള്ള സ്‌ഥലങ്ങളിൽ നിന്നുളളവരും ഉൾപ്പെടും.

റിപ്പോർട്ട്: പി.പി. ചെറിയാൻ