അപകടത്തിൽപ്പെടുന്നവരെ സഹായിക്കുന്നവർക്ക് ഇനി ആദരവും പ്രതിഫലവും
Monday, November 14, 2016 7:38 AM IST
ബംഗളൂരു: വാഹനാപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ഇനി നിയമനടപടി നേരിടേണ്ടി വരില്ല. മാത്രമല്ല, അവരെ ആദരിക്കുകയും പ്രതിഫലം നല്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട ബിൽ മന്ത്രിസഭ അംഗീകരിച്ചു. ‘നല്ല സമറിയക്കാരൻ’ എന്ന പേരിലുള്ള ബിൽ ബലാഗവിയിൽ നടക്കാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് നിയമമന്ത്രി ടി.ബി. ജയചന്ദ്ര അറിയിച്ചു.


അപകടത്തിൽപ്പെടുന്നവർ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാത്തതിനാൽ മരണമടയുന്ന സംഭവങ്ങൾ സംസ്‌ഥാനത്ത് വർധിച്ചതോടെയാണ് പുതിയ നടപടിക്കായി സർക്കാർ ഒരുങ്ങുന്നത്. അപകടത്തിനിരയാകുന്നവരെ രക്ഷിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കരുതെന്ന് സുപ്രീം കോടതിയുടെ നിർദേശവുമുണ്ട്. ബിൽ പാസായിക്കഴിഞ്ഞാൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുന്നവർക്കും അവരെ ശുശ്രൂഷിക്കുന്ന മെഡിക്കൽ സംഘത്തിനും ആശുപത്രിക്കും പ്രത്യേക പരിഗണന ലഭിക്കും. മാത്രമല്ല, രക്ഷിക്കുന്നവർക്ക് 1,500 രൂപ പ്രതിഫലവും ലഭിക്കും. പ്രതിഫലം നല്കാൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ അഞ്ചു കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ടി.ബി. ജയചന്ദ്ര അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചാലുടൻ അവർക്ക് തിരികെപ്പോകാം. അവരുടെ വ്യക്‌തിപരമായ വിവരങ്ങൾ ആവശ്യപ്പെടരുത്. അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവരുടെ അവകാശങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇംഗ്ലീഷ്. ഹിന്ദി, കന്നഡ ഭാഷകളിൽ ആശുപത്രികളിൽ പ്രദർശിപ്പിക്കണം. രക്ഷിക്കുന്നവരിൽ നിന്നു തെരഞ്ഞെടുത്ത ഏതാനും പേരെ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ആദരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.