കർണാടകയിൽ വാഹനാപകടത്തിൽ വയനാട്ടുകാരായ രണ്ട് യുവാക്കൾ മരിച്ചു
Monday, November 14, 2016 12:32 PM IST
മാനന്തവാടി: കർണാടകയിലെ ഹുൻസൂർ പെരിയപട്ടണം പഞ്ചഹള്ളിയിൽ ഞായറാഴ്ച രാത്രി വാഹനാപകടത്തിൽ വയനാട്ടുകാരായ രണ്ട് യുവാക്കൾ മരിച്ചു. പീച്ചംകോട് ക്വാറിക്കുന്ന് വിനോദാലയം വിനോദൻ–അജിത ദമ്പതികളുടെ മകൻ അഖിൽ (22), പീച്ചംകോട് കോഴിപ്പാലംകുന്ന് പുഞ്ചക്കണ്ടി നാസർ–ജമീല ദമ്പതികളുടെ മകൻ മുഹമ്മദ് ജാസിർ (22)എന്നിവരാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം മൈസൂരുവിലുള്ള സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെ സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം.

സ്കൂട്ടർ ഓടിച്ച അഖിൽ സംഭവസ്‌ഥലത്ത് മരിച്ചു. മൈസൂരുവിലെ ആശുപത്രിയിലായിരുന്നു ജാസിറിന്റെ മരണം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ പകൽ മൈസൂരു ജെ.എസ്.എസ് ആശുപത്രിയിലായിരുന്നു ജാസിറിന്റെ പോസ്റ്റുമോർട്ടം. അഖിലിന്റേത് പെരിയപട്ടണം ഗവ. ആശുപത്രിയിലും. വൈകുന്നേരം ജാസിറിന്റെ മൃതദേഹം കാട്ടിച്ചിറക്കൽ ജുമാ മസ്ജിദ് കബർസ്‌ഥാനിലും അഖിലിന്റേത് വീട്ടുവളപ്പിലും വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ജംനാസ്, ജംഷാദ്, ഇജാസ്, തസ്ലീമ എന്നിവർ ജസീറിന്റെ സഹോദരങ്ങളാണ്.ആതിര അഖിലിന്റെ സഹോദരിയാണ്.