‘തിയോളജി ഓഫ് ദി ബോഡി ഫോർ ലൈഫ്’ സെമിനാർ പാറ്റേഴ്സൻ സെന്റ് ജോർജ് ദേവാലയത്തിൽ
Tuesday, November 15, 2016 2:35 AM IST
ന്യൂജഴ്സി: മനുഷ്യശരീരത്തെയും ലൈംഗികതയെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ തീർത്തും വികലമാക്കപ്പെട്ട, വളച്ചൊടിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സെക്കുലർ മാധ്യമങ്ങളിൽനിന്നും സ്കൂളുകളിൽനിന്നും സമപ്രായക്കാരുടെ ഇടയിൽനിന്നും ഗവൺമെന്റ് അധികാരികളിൽനിന്നും വരുന്ന അബദ്ധജഡിലമായ ആശയങ്ങളും സമ്മർദ്ദവും മൂലം നമ്മുടെ കുട്ടികൾ ആശയക്കുഴപ്പത്തിലായിരിക്കുന്നു. മതനിഷേധ സംസ്കാരം മുന്നോട്ടുവയ്ക്കുന്ന ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും മനുഷ്യജീവിതത്തെക്കുറിച്ചുമുള്ള തെറ്റായ കാഴ്ചപ്പാടുകൾ സ്വാംശീകരിച്ചാണ് കുട്ടികൾ വളരുന്നത്.

ഈ സാഹചര്യത്തിൽ ശരീരത്തെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചും ഒരു ബോധ്യം കുട്ടികൾക്ക് എങ്ങനെ കൊടുക്കുവാൻ സാധിക്കുമെന്നും, ധാർമികമായ വെല്ലുവിളികൾ ഉയരുമ്പോൾ വളർന്നുവരുന്ന തലമുറയെ എങ്ങനെ സഹായിക്കാൻ സാധിക്കുമെന്നും, പ്രതികൂലമായ സാമൂഹ്യാവസ്‌ഥകളിൽ നമ്മുടെ കുഞ്ഞുങ്ങളിൽ ആഴമായ ക്രൈസ്തവബോധ്യം വളർത്തിയെടുക്കാനും ധാർമികജീവിതത്തിൽ അഭിവൃദ്ധിപ്രാപിക്കാനും എന്തു ചെയ്യണം എന്നുള്ള ചർച്ചകളും പഠനങ്ങളും, പ്രയോഗിക നിർദ്ദേശങ്ങളും ഉൾകൊള്ളുന്ന മൂന്നു ദിവസത്തെ ‘തിയോളജി ഓഫ് ദി ബോഡി ഫോർ ലൈഫ്’ സെമിനാർ ന്യൂജഴ്സിയിലെ പാറ്റേഴ്സൻ സെന്റ് ജോർജ് സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ നടത്തുകയുണ്ടായി. മതാധ്യാപകർക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള ഈ സെമിനാർ ഇടവക വികാരി റവ. ഫാ. ക്രിസ്റ്റി പറമ്പുകാട്ടിലിന്റെ നേതൃതത്തിൽ നടത്തിയ ദിവ്യബലിയോടെ ആരംഭിച്ചു. തിയോളജി ഓഫ് ബോഡി ഫോർ ലൈഫ് എന്ന മിനിസ്ട്രിയുടെ നേതൃതത്തിൽ ബാബു ജോൺ സെമിനാർ നയിച്ചു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ മുന്നോട്ടുവച്ച ‘തിയോളജി ഓഫ് ബോഡി’ (ശരീരത്തിന്റെ ദൈവശാസ്ത്രം) ശരീരത്തിന്റെയും ആത്മാവിന്റെയും സൃഷ്‌ടിപരമായ ഒരു ഉൾകാഴ്ചയാണു. ശരീരത്തിന്റെ രഹസ്യത്തെ മനസിലാക്കുന്ന വിശുദ്ധഗ്രന്ഥാധിഷ്ഠിത പഠനങ്ങളിലേക്കുള്ള യാത്രയാണിത്. തികച്ചും വ്യത്യസ്തമായ ഒരു ‘ലെൻസി’ലൂടെ സമകാലീന ജീവിതത്തെയും വിശ്വാസത്തെയും ബന്ധങ്ങളെയും ലോകത്തെയും നോക്കിക്കാണാനുള്ള ശ്രമമാണിത്.

ജീവിതത്തിന്റെയും ശരീരത്തിന്റെയും ലൈംഗികതയുടെയും ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും അർത്ഥവും ലക്ഷ്യവും ആദ്യമേ നാം മനസിലാക്കാതെ വരും തലമുറയ്ക്ക് എങ്ങനെയാണ് അവ കൈമാറുകയെന്നും ഈ യാത്രയിൽ നമ്മെ സഹായിക്കുവാൻ ബാബു ജോണിന്റെ നേതൃത്തത്തിലുള്ള ‘തിയോളജി ഓഫ് ബോഡി ഫോർ ലൈഫ്’ എന്ന മിനിസ്ട്രി വളരെയധികം സഹായകമാണെന്നും www.tobforlife.org വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ സന്ദേശം നൽകി. ലോകമെമ്പാടും ഈ മിനിസ്ട്രിയിലുടെ ബാബു ജോൺ ചെയ്യുന്നത് എല്ലാവർക്കും പ്രചോദനമാകട്ടെ എന്നു അദ്ദേഹം ആശംസിച്ചു. ഇത്തരത്തിലുള്ള സെമിനാറുകളെ കുറിച്ചു കൂടുതൽ വിവരങ്ങൾക്ക്: Website: www.tobforlife.org, email: [email protected] സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം