പുതുമയോടെ ദീപാവലി ആഘോഷം ഗീതാമണ്ഡലത്തിൽ
Tuesday, November 15, 2016 2:36 AM IST
ഷിക്കാഗോ: മാനവ ഹൃദയത്തിൽ തിന്മയെ അകറ്റി നന്മയുടെ പ്രകാശം വിതറുന്ന ദീപാവലി ആഘോഷം വൻ ഭക്‌തജന പങ്കാളിത്തത്തോടെ ഗീതാമണ്ഡലം തറവാട്ടിൽ ആഘോഷിച്ചു. പ്രധാന പുരോഹിതൻ ലക്ഷ്മിനാരയണ ശർമ്മയുടെ നേതൃത്വത്തിൽ മഹാവിഷ്ണുവിനു പുരുഷസൂക്‌ത പൂജയും മഹാലക്ഷ്മിക്കു ശ്രീസൂക്‌ത പൂജയും അർപ്പിച്ച ശേഷം, നിലവിളക്കിലെ ദീപത്തിൽ നിന്നും പകർന്ന അഗ്നിനാളങ്ങൾകൊണ്ട് മൺവിളക്കുകൾ തെളിച്ചും, രംഗോളി ഒരുക്കിയും,ഡാണ്ഡിയ നൃത്തം വെച്ചും, മധുര പലഹാരങ്ങൾ പങ്കുവെച്ചും, പടക്കം പൊട്ടിച്ചുമാണ് ഈ വർഷത്തെ ദീപാവലി ഗീതാമണ്ഡലം ആഘോഷിച്ചത്. പല വർണളങ്ങളിലും ദീപങ്ങളിലുമുള്ള രംഗോലികൾ വീടിനു മുന്നിലിടുന്നത് ഐശ്വര്യദായമാണെന്നാണ് കരുതുന്നത്.

അമേരിക്കയിൽ ആദ്യമായി മലയാളി സമൂഹത്തിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി നടന്ന രംഗോളി (പല നിറക്കൂട്ടുകൾ കൊണ്ടുള്ള കോലങ്ങൾ) മത്സരം കാണുവാനും മത്സരത്തിൽ പങ്കെടുക്കുവാനും ലഭിച്ച അവസരം ചിക്കാഗോയിലെ ഭാരതീയ സമൂഹം രണ്ടുകൈയും നീട്ടി സ്വീകരിച്ച കാഴ്ചയാണ് കാണുവാൻ സാധിച്ചത്. ഓണത്തിന് പൂക്കളമിടുന്നതിനോട് സാമ്യമുള്ള ആചാരമായ രംഗോലിയിടാൻ വിവിധ വർണങ്ങളിലെ പൊടികളാണ് ഉപയോഗിച്ചത്. ഈ വർഷത്തെ രംഗോളിയിൽ ദൈവങ്ങളുടെ ചിത്രങ്ങൾ, പൂക്കളുടെ ഡിസൈനുകൾ, ഓം, സ്വസ്തിക് തുടങ്ങി വിവിധ തരത്തിലുള്ള ഡിസൈനുകൾ പ്രായഭേദമന്യേ വിവിധ ഗ്രൂപ്പുകൾ തയാറാക്കി. രംഗോളിയിട്ട് ചിരാതുകളിൽ തിരികൊളുത്തി വച്ചാൽ സർവഐശ്വര്യങ്ങളും ലഭിക്കുമെന്നതാണ് വിശ്വാസം.



തുടർന്നു നടന്ന പ്രതേക ദീപാവലി വിഭവങ്ങളാൽ സമൃദ്ധമായ സദ്യക്ക് ശേഷം രാത്രി വൈകുവോളം കുട്ടികളും മുതിർന്നവരും ഡാണ്ടിയ നൃത്തത്തിൽ പങ്കുചേർന്നു. തുടർന്നു എല്ലാവരും ചേർന്നു പൂത്തിരിയും, കമ്പിത്തിരിയും, മത്താപ്പും, ചക്രവും, കളർ കാൻഡിലും കത്തിച്ച് ഈ വർഷത്തെ ദീപാവലി ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു അനുഭവമായി തീർത്തു.

തിൻമയ്ക്കുമേലുള്ള നന്മയുടെ വിജയത്തെ പ്രതിഫലിപ്പിക്കുന്ന ദീപാവലി പോലുള്ള ഉത്സവങ്ങൾ, ഭാരതീയ സംസ്കാരത്തിന്റെ കാതലാണ്, അതുപോലെ ഓരോ നന്മയുടെ മൺചെരാത് കൊളുത്തിവയ്ക്കുമ്പോഴും ‘തമസോമാ ജ്യോതിർമയ’ എന്ന ആശയം ആണ് അർത്ഥവത്താക്കുന്നത് എന്ന് രംഗോളി മത്സരം നടത്താൻ ചുക്കാൻ പിടിച്ച ശ്രീകല കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. 2016 ദീപാവലി ആഘോഷം ഒരു വൻ വിജയമാക്കുവാൻ പരിശ്രമിച്ച എല്ലാ പ്രവർത്തകർക്കും ഇതിൽ സഹകരിച്ച ഷിക്കാഗോ ഹൈന്ദവ കുടുംബാംഗങ്ങൾക്കും ഹാനോവർ പാർക്ക് വില്ലേജിനും ജനറൽ സെക്രട്ടറി ബൈജു മേനോൻ നന്ദി പ്രകാശിപ്പിച്ചു. രംഗോളി മത്സരത്തിന്റെ വിജയികൾക്ക് സമ്മാനദാനവും നല്കപ്പെട്ടു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം