ഷൂട്ടിംഗ് അപകടം: സംവിധായകൻ നഷ്‌ടപരിഹാരം നല്കണമെന്ന് കർണാടക ഫിലിം ചേംബർ
Tuesday, November 15, 2016 7:29 AM IST
ബംഗളൂരു: തിപ്പഗൊണ്ടനഹള്ളി തടാകത്തിൽ സിനിമാ ചിത്രീകരണത്തിനിടെ മുങ്ങി മരിച്ച നടന്മാരായ അനിൽ, രാഘവ് ഉദയ് എന്നിവരുടെ കുടുംബാംഗങ്ങൾക്ക് സംവിധായകൻ നാഗശേഖറും സ്റ്റണ്ട് മാസ്റ്റർ രവി വർമയും നഷ്‌ടപരിഹാരം നല്കണമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.

ഇരുവരുടെയും അശ്രദ്ധയാണ് അപകടത്തിലേക്കു വഴിവച്ചതെന്നും മതിയായ സുരക്ഷാ മുൻകരുതലുകളില്ലാതെയാണ് ചിത്രീകരണം നടന്നതെന്നും ഫിലിം ചേംബർ പ്രസിഡന്റ് സാരാ ഗോവിന്ദ് പറഞ്ഞു. നഷ്‌ടപരിഹാരത്തുക ഇവർക്ക് നിശ്ചയിക്കാം.

ഈ വിവരം ചേംബറിനെ അറിയിക്കണം. തുടർന്ന് ഫിലിം ചേംബർ എക്സിക്യൂട്ടീവ് കമ്മിറ്റി തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നഷ്‌ടപരിഹാരം നല്കാതെ ഇവരെ സിനിമ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്നും സാരാ ഗോവിന്ദ് അറിയിച്ചു.