ഭാസ്കർ ഷെട്ടി വധം: 16നു വാദം കേൾക്കും
Tuesday, November 15, 2016 7:29 AM IST
ബംഗളൂരു: പ്രവാസി വ്യവസായിയായ ഭാസ്കർ ഷെട്ടിയുടെ കൊലപാതക കേസിൽ മുഖ്യപ്രതിയായ ഭാര്യ രാജേശ്വരിയുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി 16നു വാദംകേൾക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷന്റെ ചോദ്യങ്ങൾക്ക് മറുപടി നല്കാൻ രാജേശ്വരിയുടെ അഭിഭാഷകൻ കോടതിയോട് കൂടുതൽ സമയം ചോദിച്ചതിനെ തുടർന്നാണ് കേസിൽ തുടർവാദം കേൾക്കുന്നത് മാറ്റിവച്ചത്.

ജൂലൈ 28നാണ് ഭാസ്കർ ഷെട്ടി കൊല്ലപ്പെട്ടത്. കേസ് സംബന്ധിച്ച് 1,300 പേജുള്ള കുറ്റപത്രം സിഐഡി ഉഡുപ്പി കോടതിയിൽ സമർപ്പിച്ചിരുന്നു. ഷെട്ടിയുടെ ഭാര്യ രാജേശ്വരി ഷെട്ടി (50), മകൻ നവനീത് ഷെട്ടി (20), കുടുംബജ്യോത്സ്യൻ നിരഞ്ജൻ ഭട്ട് (26) എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം തയാറാക്കിയത്. നിരഞ്ജന്റെ പിതാവ് ശ്രീനിവാസ് ഷെട്ടിയെയും ഭാസ്കർ ഷെട്ടിയുടെ ഡ്രൈവർ രാഘവേന്ദ്രയെയും നാല്, അഞ്ച് പ്രതികളായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദുബായിലും ദക്ഷിണ കന്നഡയിലുമായി നിരവധി സ്‌ഥാപനങ്ങളും ഹോട്ടലുകളുമുണ്ടായിരുന്ന ഭാസ്കർ ഷെട്ടിയെ ഉഡുപ്പിയിലെ വീട്ടിൽ വച്ച് ഭാര്യയും മകനും ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് ഇരുവരും നിരഞ്ജന്റെ സഹായത്തോടെ മൃതദേഹം നന്ദലികെ ഗ്രാമത്തിലെ വസതിയിലുള്ള ഹോമകുണ്ഠത്തിൽ വച്ച് കത്തിച്ചു.

പിന്നീട് നിരഞ്ജന്റെ പിതാവ് ശ്രീനിവാസ് ഷെട്ടിയും ഭാസ്കർ ഷെട്ടിയുടെ ഡ്രൈവർ രാഘവേന്ദ്രയും ചേർന്ന് ഹോമകുണ്ഠം പൊളിച്ച് മൃതദേഹാവശിഷ്‌ടങ്ങൾക്കൊപ്പം നദിയിലൊഴുക്കിയെന്നുമാണ് കേസ്.