ന്യൂയോർക്ക്: ലോക മലയാളി സമൂഹത്തിന്റെ അഭിമാനമായി മാറിയ, ജന്മനാടിനോട് കൂറും പ്രതിബദ്ധതയും ഉള്ള, ഇപ്പോഴും ശക്തമായ അടിവേരുകളുള്ള ഫൊക്കാന എന്ന ജനകീയ പ്രസ്ഥാനത്തെ അമേരിക്കൻ മലയാളികളുടെ പ്രിയസംഘടനയായി മാറ്റിയെടുക്കുമെന്ന് പ്രസിഡന്റ് തമ്പി ചാക്കോ. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തമ്പി ചാക്കോ.
കൺവൻഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രണ്ട് വർഷം നീളുന്ന കർമ പരിപാടികളാണ് അജണ്ടയിലുള്ളത്. അംഗസംഘടനകളുടെ സഹകരണത്തോടെയാവും ഇത് നടപ്പാക്കുക. ജന്മനാടിനോടുള്ള പ്രതിബദ്ധതയും കൂറും ഊട്ടിയുറപ്പിക്കുവാൻ വേണ്ട പദ്ധതികൾക്ക് രൂപം നല്കും. കേരള കൺവൻഷൻ അതിലൊന്ന് മാത്രം. കർമഭൂമിയിലെ സാമൂഹ്യരംഗത്തും സജീവമായ ഇടപെടലുകൾ ഉദ്ദേശിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടനയുടെ ജീവനാഡിയാണ്. ഇതിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും. മലയാളഭാഷയുടെയും സംസ്കാരത്തിന്റെയും ഉന്നമനത്തിനായി ഭാഷയ്ക്കൊരു ഡോളർ പദ്ധതി ജനകീയമാക്കും. സമൂഹത്തിന്റെ സ്പന്ദനങ്ങൾ ഒപ്പിയെടുക്കുന്ന മാധ്യമ പ്രവർത്തകരോടുള്ള പ്രതിപത്തിയും സഹകരണവും ഉറപ്പാക്കുന്ന രീതിയിലാവും പ്രവർത്തന ശൈലി. നാട്ടിലും ഇവിടെയുമുള്ള സാഹിത്യകാരന്മാരുടെ കൃതികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കുവാൻ നടപടിയുണ്ടാകും. യുവജനങ്ങൾക്കുവേണ്ട കൈത്താങ്ങൽ നൽകി അവർക്ക് ദിശാബോധം നൽകും.
ആറ് ലക്ഷം ഡോളറിന്റെ ബജറ്റിനാണ് രൂപം നൽകുക. അതിൽ 10 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കും. ഓരോ പെനിക്കും അക്കൗണ്ട് ഉണ്ടാവും. ചാരിറ്റി എന്നും ഉള്ള സംഗതിയാണെങ്കിലും ഇത്തവണ പുതിയ ഒരു മുഖമായിരിക്കും നൽകുക. ഒരു ഏകീകൃത സ്വഭാവം ചാരിറ്റിക്കും വേണമെന്നത് പുതിയ ഭരണസമിതിയുടെ കൂട്ടായ തീരുമാനമാണ്. വ്യക്തികൾക്കല്ല ഇവിടെ പ്രാധാന്യം. പ്രസ്ഥാനമാണ് പ്രധാനം. മലയാളി സമൂഹത്തിന്റെ നന്മയാണ് ലക്ഷ്യം.സംഘടനാ പ്രവർത്തനങ്ങൾ നടക്കുന്നതോടൊപ്പം മാക്സിമം ചാരിറ്റിയും ചെയ്യുക എന്നത് പുതിയ ഭരണസമിതിയുടെ ആപ്തവാക്യങ്ങളിലൊന്നാണ്.
നവംബർ 12ന് കോങ്കേഴ്സിലുള്ള സാഫ്രൺ റെസ്റ്റോറന്റ് ആന്റ് ബാങ്ക്വറ്റ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ യൂത്ത് മെംബർ ടോണി കല്ലകാവുങ്കലിനെ പരിചയപ്പെടുത്തി. സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ, വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ജോർജി വർഗീസ്, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, മുൻപ്രസിഡന്റും ഫൗണ്ടേഷൻ വൈസ് ചെയറുമായ മറിയാമ്മ പിള്ള, മുൻ പ്രസിഡന്റ് ജോൺ പി. ജോൺ, സീനിയർ നേതാവ് ടി.എസ്. ചാക്കോ, ബോർഡ് ഓഫ് ട്രസ്റ്റി വൈസ് ചെയർ ലീലാ മാറേട്ട്, ജോയിന്റ് ട്രഷറർ ഏബ്രഹാം കളത്തിൽ, അസോ. ട്രഷറർ സണ്ണി മറ്റമന, അഡീഷണൽ അസോ. സെക്രട്ടറി ഏബ്രഹാം വർഗീസ്, മീഡിയ കോ ഓർഡിനേറ്റർ ശ്രീകുമാർ ഉണ്ണിത്താൻ എന്നിവരും പങ്കെടുത്തു.
റിപ്പോർട്ട്: ജോർജ് തുമ്പയിൽ