കറൻസികൾ പിൻവലിക്കൽ: കേന്ദ്രഗവൺമെന്റ് സാധാരണക്കാരന്റെ മേൽ ദുരിതം വിതച്ചു
Tuesday, November 15, 2016 9:11 AM IST
ജിദ്ദ: കറൻസി നോട്ടുകൾ പിൻവലിക്കുക വഴി കേന്ദ്ര ഗവൺമെന്റ് സാധാരണക്കാരന്റെ മേൽ സമാനതകളില്ലാത്ത ദുരിതമാണ് വരുത്തിവച്ചിട്ടുള്ളതെന്ന് നവോദയ സഫ ഏരിയ സമ്മേളനം കുറ്റപ്പെടുത്തി. കള്ളപ്പണം തടയാനെന്നപേരിൽ കേന്ദ്ര സർക്കാർ നോട്ടുകൾ പിൻവലിച്ചതിന്റെ ഫലമായി കള്ളപ്പണം പിടിച്ചെടുത്തതായി ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടില്ല.

ജനങ്ങളിൽ പലരും അത്മാഹത്യയുടെ വക്കിലാണ്. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് മോദിയും കൂട്ടരും. ദുരിത പൂർണമായ ഈ അവസ്‌ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ജിദ്ദ നവോദയയുടെ ഇരുപത്തി എഴാം സമ്മേളനത്തിന് മുന്നോടിയായി സഫ എരിയ സമ്മേളനത്തിൽ നവോദയ രക്ഷാധികാരി വി.കെ. റഹൂഫ്

സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നവോദയ ജനറൽ സെക്രട്ടറി നവാസ് വെമ്പയം, നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, ഏരിയ സെക്രട്ടറി ജുനൈസ്, സിയാദ് ഹബിബ്, ജലീൽ കൊങ്ങത്ത്, ഷംസു ജിത്ത്, ജുനൈസ് എന്നിവർ സംസാരിച്ചു. സിബിഎസ്ഇ ജുബൈലിൽ നടന്ന ക്ലസ്റ്റർ മീറ്റിൽ ഒന്നാം സ്‌ഥാനം നേടിയ നബിലിന് ഇസ്മായിൽ തൊടുപുഴ ഉപഹാരം സമ്മാനിച്ചു.

യോഗത്തിൽ സെൻട്രൽ കമ്മിറ്റി സമ്മേളന പ്രതിനിധികളായി ജലീൽ കൊങ്ങത്ത് (പ്രസിഡന്റ്), മുജീബ്, ജോയ് തോമസ് (വൈസ് പ്രസിഡന്റുമാർ), ജുനൈസ് (സെക്രട്ടറി), പരീദ്, ഷംസുജിത്ത് (ജോ. സെക്രട്ടറിമാർ), മുരളി നെല്ലിക്കൽ (ട്രഷറർ), നാസർ (ജീവകാരുണ്യ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ