ഒബാമ ബുധനാഴ്ച ജർമനിയിൽ; സുരക്ഷ ശക്‌തമാക്കി
Tuesday, November 15, 2016 10:08 AM IST
ബർലിൻ: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദർശനത്തോടനുബന്ധിച്ച് ജർമനിയിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾ ഒരുക്കി. യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ഒബാമ നടത്തുന്ന അവസാന വിദേശ സന്ദർശനങ്ങളിലൊന്നാണിത്.

തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് സെൻട്രൽ ബർലിനിൽ ഒബാമ പ്രസംഗിച്ചിരുന്നു. പിന്നീട്, തന്റെ ടേം അവസാനിക്കുന്നതിനു മുൻപ് ഒരിക്കൽ മാത്രമാണ് അദ്ദേഹം ഇവിടെ വന്നിട്ടുള്ളത്, 2013ൽ. അന്ന് സുരക്ഷാ സന്നാഹങ്ങളുടെ ഭാഗമായി ബർലിനിലെ ഗവൺമെന്റ് ക്വാർട്ടറിന്റെ വലിയൊരു ഭാഗത്ത് ദിവസങ്ങളോളം പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

ഇപ്പോഴത്തെ സന്ദർശനത്തിൽ അതിലേറെ കടുത്ത നിയന്ത്രണങ്ങൾ പ്രതീക്ഷിക്കാം. ബുധനാഴ്ച വൈകിട്ട് ബർലിൻ ടെഗൽ വിമാനത്താവളത്തിലെത്തുന്ന ഒബാമയെ ചാൻസലർ മെർക്കലും മറ്റു ഉന്നതരും ചേർന്ന് സ്വീകരിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ, ഇറ്റാലിൻ പ്രസിഡന്റ് മറ്റെയോ റെൻസി എന്നിവരുമായും ഓബാമ കൂടിക്കാഴ്ച നടത്തും.

സിറിയൻ, യുക്രൈയ്ൻ പ്രശ്നങ്ങൾക്കു പുറമെ ഐഎസിനെതിരെ ആഞ്ഞടിക്കുന്ന സഖ്യകക്ഷികളുടെ വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടുദിവസത്തെ സന്ദർശനത്തിനു ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒബാമ പെറുവിലേക്കു പോകും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ