ലുഫ്താൻസ പൈലറ്റുമാർ വീണ്ടും സമരത്തിന്
Tuesday, November 15, 2016 10:09 AM IST
ബർലിൻ: ജർമൻ വ്യോമയാന കമ്പനിയായ ലുഫ്താൻസയിലെ പൈലറ്റുമാർ സമരത്തിലേക്കു നീങ്ങുന്നു. പൈലറ്റുമാരുടെ യൂണിയനായ കോക്ക്പിറ്റും കമ്പനി അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണിത്.

സമരം എത്ര ദിവസത്തേക്കായിരിക്കുമെന്നും എന്നായിരിക്കുമെന്നും അറിയിച്ച് 24 മണിക്കൂറിനു മുൻപ് മാത്രം നോട്ടീസ് നൽകാനാണ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. കാർഗോ സർവീസിനെയും സമരം ബാധിക്കും.

5400 പൈലറ്റുമാരുടെ ശമ്പളം സംബന്ധിച്ചാണ് യൂണിയനും മാനേജ്മെന്റും തമ്മിൽ തർക്കം നിലനിൽക്കുന്നത്. ലുഫ്താൻസ, ലുഫ്താൻസ കാർഗോ, ബജറ്റ് വിഭാഗമായ ജർമൻവിംഗ്സ് എന്നിവയിലെ പൈലറ്റുമാരാണ് സമരം ചെയ്യുന്നത്.

കഴിഞ്ഞ നവംബറിലാണ് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പണിമുടക്ക് നടന്നത്. ഏഴു ദിവസം നീണ്ടുനിന്ന് സമരത്തിൽ 4700 ഫ്ളൈറ്റുകൾ റദ്ദാക്കിയിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ