കേരളാ ക്രിസ്ത്യൻ അഡൾട്ട് ഹോമിന്റെ വാർഷിക കൺവൻഷൻ ഡാളസിൽ നടത്തി
Wednesday, November 16, 2016 2:47 AM IST
ഡാളസ്: ഡാളസിൽ റോയ്സ് സിറ്റിയുടെ ഹൃദയഭാഗത്ത് സജ്‌ജമാക്കിയിരിക്കുന്ന മലയാളികളുടെ വാർധക്യകാല താമസ കേന്ദ്രത്തിന്റെ (അഡൾട്ട് ഹോം) വാർഷിക കൺവൻഷൻ ഭക്‌തിനിർഭരമായ അന്തരീക്ഷത്തിൽ ഒക്ടോബർ 28–നു വൈകിട്ട് ആറിനു നടത്തി.

കേരള ക്രിസ്ത്യൻ അഡൾട്ട് ഹോമിന്റെ പ്രസിഡന്റ് റവ വർഗീസ് പുത്തൂർക്കുടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡാളസിലും, സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രമുഖ മത–സാംസ്കാരിക–സമൂഹ്യ പ്രവർത്തകർ പങ്കെടുത്തു.

വൈസ് പ്രസിഡന്റ് റവ. ഡോ. പി.പി. ഫിലിപ്പ് അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. റവ. സജി പി.സി (ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് വികാരി) മുഖ്യാതിഥിയും പ്രഭാഷകനുമായിരുന്നു. അച്ചനെ കൂടാതെ റവ. ചെറിയാൻ മൂഴിയിൽ (സെന്റ് തോമസ് ക്നാനായ ചർച്ച്, ഡാളസ്), റവ. ഷാജൻ ജോൺ (സെന്റ് ഇഗ്നേഷ്യസ് ചർച്ച്, കരോൾട്ടൺ) എന്നിവരും മീറ്റിംഗിൽ സന്നിഹിതരായിരുന്നു.



കേരളാ അഡൾട്ട് ഹോമിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും വളർച്ചയിലും പ്രവർത്തിച്ചവരെ അനുമോദിച്ച അച്ചൻ, ഈ കേന്ദ്രത്തിലെ അന്തേവാസികൾക്ക് എല്ലാവിധ നന്മകളും ആശംസിക്കുകയും ചെയ്തു. മൈക്കിൾ കല്ലറയ്ക്കൽ, രജ്‌ജി ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള ക്വയറിന്റെ ഗാനങ്ങളും, വേദപുസ്തക പാരായണവും മീറ്റിംഗിനെ ഭക്‌തിസാന്ദ്രമാക്കിയതോടൊപ്പം കൂടുതൽ മിഴിവുറ്റതാക്കുകയും ചെയ്തു.

സാജൻ ജോണച്ചന്റെ പ്രാർത്ഥനയ്ക്കും, ചെറിയാൻ മൂഴിയിൽ അച്ചന്റെ ആശീർവാദത്തോടുംകൂടി രാത്രി എട്ടുമണിയോടുകൂടി യോഗം സമാപിച്ചു. സ്കറിയ ഫിലിപ്പ് (സെക്രട്ടറി) നന്ദി രേഖപ്പെടുത്തി. കേരളാ ക്രിസ്ത്യൻ അഡൾട്ട് ഹോമിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടുക: എം.സി അലക്സാണ്ടർ (845 553 0879). സി.എസ് ചാക്കോ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം