മലബാർ ടേസ്റ്റ് കേളിദിനം 2017: സംഘാടക സമിതി രൂപീകരിച്ചു
Wednesday, November 16, 2016 3:59 AM IST
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനാറാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

ബത്ത പാരഗൺ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച്ച നടന്ന സംഘാടക സമിതി രൂപീകരണയോഗം കേളി മുഖ്യ രക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി റഷീദ് മേലേതിൽ സംഘാട സമിതി പാനൽ അവതരിപ്പിച്ചു. രക്ഷാധികാരി കമ്മിറ്റി അംഗം ദസ്തഗീർ, സെക്രട്ടറിയേറ്റ് അംഗം വർഗീസ്, കേളി ജോയിന്റ് സെക്രട്ടറി ഷമീർ കുന്നുമ്മൽ, സംഘാടക സമിതി കൺവീനർ കെ.പി.എം. സാദിഖ് എന്നിവർ സംസാരിച്ചു.

റഫീഖ് പാലത്ത് (ചെയർമാൻ), നൗഫൽ പുവ്വക്കൂറുശി, ശ്രീകാന്ത് (വൈസ് ചെയർമാൻമാർ) കെ.പി.എം.സാദിഖ് (കൺവീനർ) സുധാകരൻ കല്യാശേരി, സുരേഷ് കണ്ണപുരം (ജോയിന്റ് കൺവീനർമാർ), മുരളി കോഴിക്കോട് (സാമ്പത്തിക കൺവീനർ) മെഹ്റൂഫ് പൊന്ന്യം (പബ്ലിസിറ്റി കൺവീനർ), ടി.ആർ.സുബ്രഹ്മണ്യൻ (പ്രോഗ്രാം കൺവീനർ), ചെല്ലപ്പൻ (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ), ടി.ജെ.ജോസഫ് (ഭക്ഷണം), ഫൈസൽ മടവൂർ (ഗതാഗതം), പ്രഭാകരൻ (വോളന്റിയർ ക്യാപ്റ്റൻ) എന്നിങ്ങനെ വിവിധ സബ് കമ്മിറ്റികൾ അടങ്ങുന്ന 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.

കഴിഞ്ഞ 16 വർഷമായി റിയാദിലെ സാമൂഹ്യ, കലാസാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ കേളിയുടെ വാർഷികം കേളീ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാ പരിപാടികളുടെ വേദിയാകും. വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രവാസലോകത്തെ പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുക്കും. വാർഷികത്തിന് മുന്നോടിയായി കേളി അംഗങ്ങൾക്കായി സെവൻസ് ഫുട്ബാൾ ടൂർണമെന്റ്, ക്വിസ് മത്സരം, വിവിധ കായിക മത്സരങ്ങൾ, ആനുകാലിക വിഷയങ്ങളിൽ പൊതു സമൂഹത്തെ ഉൾപ്പെടുത്തി സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കുമെന്ന് സെക്രട്ടറി റഷീദ് മേലെത്തിൽ പറഞ്ഞു. പ്രമുഖ ഭക്ഷ്യോത്പന്ന വിതരണക്കാരായ മലബാർ ടേസ്റ്റാണ് പരിപാടിയുടെ മുഖ്യ പ്രയോജകർ.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ