നോർവിച്ചിൽ അജപാലന സന്ദർശനവും സൺഡേ സ്കൂൾ വാർഷികവും 19ന്
Wednesday, November 16, 2016 4:00 AM IST
നോർവിച്ച്: ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാർ കുർബാന കേന്ദ്രമായ നോർവിച്ചിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ അജപാലന സന്ദർശനം നടത്തുന്നു. നവംബർ 19ന് (ശനി) വൈകുന്നേരം നാലിന് ബ്ലൂവെൽ റോഡിലുള്ള സിറ്റി അക്കാഡമിയിൽ എത്തിച്ചേരുന്ന പിതാവിന് സീറോ മലബാർ ചാപ്ലിൻ ഫാ.ടെറിൻ മുല്ലക്കരയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ സ്വീകരണം നൽകും. തുടർന്നു നടക്കുന്ന സമൂഹബലിയിൽ മാർ ശ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകും. ചാപ്ലിൻ ഫാ.ടെറിൻ സഹകാർമികനായിരിക്കും.

തുടർന്നു നടക്കുന്ന സൺഡേ സ്കൂൾ വാർഷികത്തിൽ വിശുദ്ധ ഗ്രന്ഥം ആസ്പദമാക്കി നാട്യനടനഗാന ആവിഷ്കാരങ്ങളിലൂടെ വിദ്യാർഥികൾ വിശ്വാസ ദീപ്തി പ്രോജ്‌ജ്വലിപ്പിക്കുന്ന മികവുറ്റ കലാപരിപാടികൾ അവതരിപ്പിക്കും. ചടങ്ങിൽ കരുണ വർഷാചരണത്തിന്റെ സമാപനവും നടക്കും. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി സ്നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: സനു ജോർജ് (ട്രസ്റ്റി) 07779222171.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ