ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു
Wednesday, November 16, 2016 6:21 AM IST
സാക്രമെന്റൊ: ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി ഗുർണൂർ സിംഗ് നഹൽ (17) വീടിനു മുമ്പിലുളള ഗാരേജിനു സമീപം വെടിയേറ്റ് മരിച്ചു. ഇൻഡർകും ഹൈസ്കൂളിൽ നിന്നും 2017 ൽ ഗ്രാജുവേറ്റ് ചെയ്യാനിരിക്കെയാണ് നഹലിനെ മരണം വെടിയുണ്ടയുടെ രൂപത്തിൽ കവർന്നത്.

നവംബർ എട്ടിനായിരുന്നു സംഭവം. പിതാവിന്റെ കടയിൽ നിന്നും രാത്രി പത്തോടെ വീടിനു സമീപം എത്തിച്ചേർന്ന് കാറിൽ നിന്നും ഇറങ്ങുന്നതിനിടെയാണ് നഹലിന് ആക്രമിയുടെ വെടിയേറ്റത്.

വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി വന്ന നഹലിന്റെ മുത്തശിയാണ് വെടിയേറ്റ് കിടക്കുന്ന കൊച്ചുമകനെ ആദ്യം കണ്ടത്. നഹൽ സംഭവ സ്‌ഥലത്തുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു. കടയിൽ നിന്നുളള കളക്ഷനുമായാണ് നഹൽ വീട്ടിലേക്ക് തിരിച്ചത്. കൊലയാളി നഹലിനെ പിന്തുടർന്ന് വീടിനു സമീപമെത്തിയപ്പോൾ വെടിവച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു.

കാറിൽ സൂക്ഷിച്ചിരുന്ന പണം നഷ്‌ടപ്പെട്ടിരുന്നില്ല. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലുളളവർ തെരഞ്ഞെടുപ്പിന്റെ വാർത്ത കേൾക്കുന്ന തിരക്കായതിനാൽ പുറത്തു നടന്ന സംഭവം അറിഞ്ഞിരുന്നില്ല. കവർച്ചാ ശ്രമമായിരുന്നുവോ അതോ മറ്റ് കാരണങ്ങളാണോ വെടിവയ്പിന് കൊലയാളിയെ പ്രേരിപ്പിച്ചതെന്ന് വ്യക്‌തമല്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ