ബ്രിട്ടനെ ഏകീകൃത വിപണിയിൽ നിലനിർത്താൻ ശ്രമം
Wednesday, November 16, 2016 10:09 AM IST
ബർലിൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു പിൻമാറിയാലും ഏകീകൃത വിപണിയിൽ നിലനിൽക്കാൻ സാധ്യത ശക്‌തമാകുന്നു. ഇങ്ങനെയൊരു നീക്കത്തെ തുടക്കത്തിൽ ശക്‌തമായി എതിർത്തിരുന്ന ജർമൻ ചാൻസലർ ആംഗല മെർക്കൽ തന്നെയാണ് ഇപ്പോൾ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്.

കുടിയേറ്റം സംബന്ധിച്ച യൂറോപ്യൻ യൂണിയൻ നിയമത്തിൽ ഭേദഗതികൾ വരുത്തിയാണ് ഇതു സാധ്യമാക്കാൻ ശ്രമിക്കുന്നത്. ഇതുപ്രകാരം ബ്രിട്ടനു മാത്രമായി ഇളവുകൾ അനുവദിച്ചുവെന്ന പരാതിയും ഒഴിവാക്കാമെന്നു കരുതുന്നു.

ഇക്കാര്യത്തിൽ സംവാദത്തിനു സാധ്യതയുണ്ട് എന്നു മാത്രമാണ് മെർക്കൽ തുറന്നു പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇതുവരെ ഇങ്ങനെയൊരു സാധ്യതയേയില്ല എന്നു പറഞ്ഞിരുന്ന നേതാവിൽനിന്ന് ഇങ്ങനെയൊരു പരാമർശം വന്നത് വ്യക്‌തമായ നിലപാട് മാറ്റം തന്നെയായി വിലയിരുത്തപ്പെടുന്നു.

ഇക്കാര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നടത്തിവരുന്ന നിരന്തര പരിശ്രമങ്ങൾ ഫലം കണ്ടു തുടങ്ങുന്നു എന്നാണ് വിലയിരുത്തൽ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ