നോട്ട് മാറ്റം: പ്രവാസികളുടെ ആശങ്ക അകറ്റണമെന്ന് ഫോമ
Thursday, November 17, 2016 6:26 AM IST
ഷിക്കാഗോ: കള്ളപ്പണവും പണപ്പെരുപ്പവും തടയുന്നതിനായി 2000 രൂപാ നോട്ട് ഇറക്കി, 500, 1000 നോട്ടുകൾ പിൻവലിച്ചു കൊണ്ട് നടപ്പിലാക്കിയ മോദി സർക്കാരിന്റെ ഭരണ പരിഷ്ക്കാരത്തിൽ, നാട്ടിലുള്ളവരെ പോലെ പ്രവാസികളും നട്ടം തിരിയുന്നു. കുറച്ചു കാലത്തേക്കു ബുദ്ധിമുട്ടുണ്ടാകുമെങ്കിലും, കള്ളപ്പണം ഒരു പരിധി വരെ പിടിച്ചു നിർത്താനാകുമെന്നത് ജനങ്ങളെ ഭരണ പരിഷ്ക്കാരത്തോട് പരമാവധി സഹകരിക്കുവാൻ പ്രേരിപ്പിക്കുന്നു.

പക്ഷെ കോടിക്കണക്കിനു വിദേശനാണ്യം ഇന്ത്യയിലേക്ക് എത്തിക്കുന്ന, ഒരു പക്ഷെ ഇന്ത്യയുടെ സാമ്പത്തിക സ്രോതസ് ഉയർത്തുന്നതിൽ വലിയൊരു പങ്കു വഹിക്കുന്ന പ്രവാസികളുടെ കാര്യം ഒരു പക്ഷെ സർക്കാർ വിട്ടു പോയി എന്നു വേണം കരുതാൻ.

ഗൾഫ് മേഖലയിൽ നിന്നും വിത്യസ്തമായി 18 മുതൽ 40 (സ്റ്റോപ്പ് ഓവർ ഉൾപ്പടെ) മണിക്കൂറുകൾ യാത്ര ചെയ്തു നാടു സന്ദർശിക്കുന്ന പ്രവാസികളുടെ കൈയ്യിലുള്ള 500ന്റെയും, 1000 ന്റെയും നോട്ടുകൾ മാറ്റി നൽകുവാൻ ഫലപ്രദമായ ഒരു പോംവഴി കണ്ടു പിടിക്കാനായില്ല എന്നുള്ളത്, പ്രവാസികൾക്ക് സർക്കാർ എത്ര മാത്രം വില കൽപ്പിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
പ്രവാസി പ്രശ്നങ്ങളിൽ എന്നും പ്രവാസികളുടെ ശബ്ദമായി പ്രവർത്തിച്ചിട്ടുള്ള ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്), ഈ വിഷയത്തിലും പ്രവാസികൾക്ക് വേണ്ടി വാദിക്കുകയാണ്. ഫോമാ പോലുള്ള ദേശീയ സംഘടന ഈ വിഷയത്തിൽ ശക്‌തമായ ഇടപെടുമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു.

പ്രശ്ന പരിഹാരത്തിനായി അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫിസിനും, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും കത്ത് നൽകി. അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറിനും, ചിക്കാഗോയിലെ കോൺസിലേറ്റ് ജനറലിനും അദ്ദേഹം നിവേദനം നൽകും.

അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റുകൾ വഴിയായി ഇന്ത്യൻ രൂപ മാറ്റിയെടുക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് ബെന്നിയും സംഘവും കത്തുകളിലൂടെ അഭ്യർത്ഥിച്ചു.
ബെന്നിയോടൊപ്പം സെക്രട്ടറി ജിബി തോമസ്, ട്രഷറാർ ജോസി കുരിശിങ്കൽ, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂർ, ജോയിന്റ് ട്രഷറാർ ജോമോൻ കുളപ്പുരയ്ക്കൽ എന്നിവർ ഫോമയുടെ നേതൃനിരയിൽ, ജനസേവകരായി ഉണ്ട്.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്