നോക്കുകൂലി ഉദ്യോഗസ്‌ഥരും ആവശ്യപ്പെടുന്നുവെന്ന് മുൻ ഡിജിപി
Thursday, November 17, 2016 6:29 AM IST
ഡാളസ് : അറുപതാം പിറന്നാൾ ആഘോഷിച്ച കേരള സംസ്‌ഥാനം ഇന്നു അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ശാപം ചുമട്ടുതൊഴിലാളികൾ മാത്രം ബലമായി ആവശ്യപ്പെട്ടിരുന്ന നോക്കുകൂലി ഇപ്പോൾ ഗവൺമെന്റ് ഉദ്യോഗസ്‌ഥരും ആവശ്യപ്പെടുന്നു എന്നതാണെന്ന് മുൻ കേരള ഡിജിപി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടു. ഗവൺമെന്റ് ഓഫീസുകളിൽ കയറി ഇറങ്ങുന്ന സാധാരണക്കാരനായ കേരളീയന്റെ പരിദേവനങ്ങൾ ഉൾകൊളളുന്ന ഫയലുകൾ നോക്കുന്നതിനുപോലും കൂലി ആവശ്യപ്പെടുന്ന തലത്തിലേക്ക് ഗവൺമെന്റ് ഉദ്യോഗസ്‌ഥന്മാർ അധഃപതിച്ചിരിക്കുന്നതായും ജേക്കബ് ചൂണ്ടിക്കാട്ടി. നവംബർ 16–നു ബുധനാഴ്ച വൈകിട്ട് ഏഴിനു പസന്ത് റസ്റ്റോറന്റിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ നൽകിയ സ്വീകരണ യോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ജേക്കബ് പുന്നൂസ്.

അറുപതു വർഷത്തെ വളർച്ചയിൽ കേരളം ലോകോത്തര നേട്ടങ്ങൾ കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 1958 കേരളീയന്റെ പ്രതിശീർഷക വരുമാനം 241 രൂപയായിരുന്നുവെങ്കിൽ ഇന്നത് ഒന്നര ലക്ഷമായി വളർന്ന് നിൽക്കുന്നു. അതുപോലെ കൊലപാതകങ്ങളുടെ എണ്ണത്തിൽ ജനസംഖ്യാ ആനുപാതിക വളർച്ചയ്ക്ക് പകരം നേരെ വിപരീതമായാണ് സംഭവിച്ചിരിക്കുന്നത്. കേരളം രൂപം പ്രാപിച്ച വർഷം ജനസംഖ്യ രണ്ടര കോടിയായിരുന്നപ്പോൾ കൊലപാതകങ്ങൾ 545 ആയിരുന്നു. എന്നാൽ ജനസംഖ്യ മൂന്നര കോടിയായി വർദ്ധിച്ചപ്പോൾ കൊലപാതകങ്ങളുടെ എണ്ണം 295 ആയി കുറഞ്ഞത് കേരള പൊലീസിന്റെ നേട്ടമായി കാണണമെന്ന് ഡിജിപി അഭിപ്രായപ്പെട്ടു.

പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കേരളീയർ ഇന്നു സമൃദ്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് ഷാജി രാമപുരം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജോൺസൻ തലച്ചെല്ലൂർ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കൾ ആശംസാ പ്രസംഗം നടത്തി. അലക്സ് അലക്സാണ്ടർ (സെക്രട്ടറി) നന്ദി രേഖപ്പെടുത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ