‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ കുവൈത്തിൽ അവതരിപ്പിക്കുന്നു
Thursday, November 17, 2016 6:30 AM IST
കുവൈത്ത്: അയ്യായിരത്തിലധികം വേദികളിൽ അവതരിപ്പിക്കുകയും കേരളത്തിലെ സാമൂഹിക മാറ്റത്തിെൻറ പ്രധാന ചാലകശക്‌തിയായെന്ന് വിലയിരുത്തപ്പെടുകയും ചെയ്ത ’നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകം കുവൈത്തിൽ അവതരിപ്പിക്കുന്നു. കൽപകിന്റെ നേതൃത്വത്തിലാണ് തോപ്പിൽ ഭാസിയുടെ നാടകം പുനരവതരിപ്പിക്കപ്പെടുന്നത്. കലാശ്രീ ബാബു ചാക്കോളയാണ് സംവിധാനം നിർവഹിക്കുന്നത്. കുവൈത്തിലെ മലയാളി കലാകാരന്മാർ അരങ്ങിലത്തെുമ്പോൾ, നാടകകലയിലെ കുലപതിയും രംഗവേദിയൊരുക്കുന്നതിൽ പകരംവെക്കാനില്ലാത്തയാളുമായ ആർട്ടിസ്റ്റ് സുജാതൻ നാട്ടിൽനിന്നത്തെി മാർഗനിർദേശങ്ങൾ നൽകി കൂടെയുണ്ട്.

നവംബർ 25, 26 തീയതികളിൽ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിലാണ് അവതരണം. 25ന് ഉച്ചക്ക് 2.30ന് ഉദ്ഘാടന പരിപാടിക്ക് ശേഷം മൂന്നിനും വൈകീട്ട് ഏഴിനും കളികളുണ്ടാവും. 26ന് മൂന്നിനും വൈകീട്ട് ഏഴിനുമാണ് നാടകം. രംഗസാക്ഷാത്കാരവും ദീപസംവിധാനവും നിർവഹിക്കാൻ ചിറയ്ക്കൽ രാജുവും കേരളത്തിൽനിന്നത്തെിയിട്ടുണ്ട്. തോപ്പിൽ ഭാസിയുടെ സഹധർമിണി അമ്മിണി അമ്മയുടെ കൈയിൽനിന്ന് രചന ഏറ്റുവാങ്ങിയാണ് കൽപക് ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. സംവിധായകൻ ബാബു ചാക്കോള, ആർട്ടിസ്റ്റ് സുജാതൻ, കൽപക് പ്രസിഡൻറ് ജോൺ കോഴഞ്ചേരി, പ്രോഗ്രാം കൺവീനർ ഇടിക്കുളം മാത്യൂസ്, സുവനീർ കൺവീനർ കുമാർ തൃത്താല, വനിതാവിഭാഗം സെക്രട്ടറി മഞ്ജു മാത്യൂ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.


റിപ്പോർട്ട്: സലിം കോട്ടയിൽ