ബ്രെക്സിറ്റ് ഹിതപരിശോധനാ ഫലം നിയമപരമായി നിലനിൽക്കില്ല: സുപ്രീം കോടതി ജഡ്ജി
Thursday, November 17, 2016 6:31 AM IST
ലണ്ടൻ: ബ്രെക്സിറ്റ് ഹിത പരിശോധനാഫലം നയമപരമായി നിലനിൽക്കുന്നതല്ലെന്നു സുപ്രീം കോടതി ജഡ്ജി ബ്രെൻഡ ഹെയ്ൽ. പാർലമെന്റിന്റെ അനുമതി വാങ്ങിയ ശേഷമേ ബ്രെക്സിറ്റ് നടപടിക്രമങ്ങൾ തുടങ്ങാവൂ എന്ന ഹൈക്കോടതി വിധിക്കെതിരേ ബ്രിട്ടീഷ് സർക്കാർ നൽകിയിരിക്കുന്ന അപ്പീൽ പരിഗണിക്കുന്ന ജഡ്ജിമാരിലൊരാൾ ലേഡി ബ്രെൻഡയാണ്.

ഡിസംബറിലാണ് അപ്പീൽ വിചാരണയ്ക്കെടുക്കുന്നത്. ക്വലാലംപുരിൽ അഭിഭാഷകരെ അഭിസംബോധന ചെയ്യവേയാണ് ബ്രെൻഡ ഈ പരാമർശം നടത്തിയിരിക്കുന്നത്. ഏതു ജനഹിത പരിശോധനയും ഉപദേശ സ്വഭാവം മാത്രമുള്ളതാണെന്നും, നടപ്പാക്കണമെന്നു നിയമപരമായി നിർബന്ധമില്ലാത്തതാണെന്നും ആറു വർഷം മുൻപ് ബ്രിട്ടീഷ് സർക്കാർ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും അവർ ചൂണ്ടിക്കാട്ടി.

പതിനൊന്നു ജഡ്ജിമാരടങ്ങുന്ന പാനലാണ് സുപ്രീം കോടതിയിൽ സർക്കാരിന്റെ അപ്പീൽ വിചാരണയ്ക്കെടുക്കുക. ഭരണഘടനയുമായി അഭേദ്യബന്ധമുള്ളതും, എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും തമ്മിലുള്ള അധികാര വടംവലിക്കു സാധ്യതയുള്ളതുമായ കേസ് എന്ന നിലയിലാണ് ഇത്രയധികം ജഡ്ജിമാർ ചേർന്ന് കേസ് കേൾക്കുന്നത്.


റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ