മാധവൻ. ബി. നായർ ഫൊക്കാന കൺവൻഷൻ ചെയർമാൻ
Friday, November 18, 2016 2:59 AM IST
ന്യൂജഴ്സി: ഫൊക്കാനയുടെ 2018 നാഷണൽ കൺവൻഷൻ ചെയർമാനായി മാധവൻ ബി നായരെ (ന്യൂജേഴ്സി) തെരഞ്ഞെടുത്തു. ന്യൂയോർക്കിൽ നടന്ന ഫൊക്കാനയുടെ പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഈ തീരുമാനം.

തിരുവന്തപുരത്തെ സാംസ്കാരിക രംഗത്തുനിന്ന് അമേരിക്കൻ മലയാളികളുടെ സാംസ്കാരിക രംഗത്തേക്ക് പ്രവർത്തനങ്ങൾ സജീവമാക്കിയ വ്യക്‌തിയാണ് മാധവൻ നായർ .ഫൊക്കാനയുടെ പ്രവർത്തകനായതിനു ശേഷം ചുരുങ്ങിയ സമയം കൊണ്ടാണ് അദ്ദേഹം ഈ പദവിയിൽ എത്തുന്നത് .ഫൊക്കാനയുടെ 2016 18 കാലയളവിലെ പ്രസിഡന്റ് സ്‌ഥാനത്തേക്ക് മത്സരിച്ചിരുന്നുവെങ്കിലും അദ്ദേഹം പ്രതിനിധീകരിച്ച നാമം സംഘടനയെ ചൊല്ലി അനാവശ്യമായി വിവാദം ഉണ്ടായ സാഹചര്യത്തിൽ അവസാന നിമിഷം പിന്മാറുകയായിരുന്നു. ഫൊക്കാനയ്ക്കു 2006 ൽ ഉണ്ടായ പിളർപ്പുപോലെ ഒരു പിളർപ്പുകൂടി ഉണ്ടായാൽ സംഘടയ്ക്കു തന്നെ ദോഷമായി മാറും എന്നതിനാലാണ് അദ്ദേഹം മത്സരത്തിൽ നിന്നും പിൻമാറിയത് . ഫൊക്കാനാ ജനറൽ കൺവൻഷന്റെ ചെയർമാനായി തെരഞ്ഞെടുക്കുകവഴി അർഹിക്കുന്ന അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്.

ഫൊക്കാനയുടെ ചരിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കൺവൻഷൻ നടത്തുവാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. അതിന്റെ മുന്നോടിയായി ചാരിറ്റി, മലയാള ഭാഷാ വികസനം തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകി 2017 ജനുവരിയിൽ ഫൊക്കാന കേരളാ കൺവൻഷൻ നടത്തും. തിരുവനതപുരം, കൊച്ചി, തിരുവല്ല എന്നെ സ്‌ഥലങ്ങളാണ് ഇപ്പോൾ മനസിൽ ഉള്ളത് . തീയതിയും സ്‌ഥലവും ഉടൻ തീരുമാനിക്കും.

തിരുവനന്തപുരത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാധവൻ ബി നായർ പൂനൈ യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജുമെന്റിൽ ബിരുദവും, പെൻസൽവാനിയ അമേരിക്കൻ കോളേജിൽ നിന്ന് ഫിനാൻസിൽ ബിരുദവും നേടിയ ശേഷം, ഫിനാൻഷ്യൽ കൺസൽട്ടൻറ് ആയി പ്രവർത്തിക്കുന്നു .2005 ൽ ന്യൂജേഴ്സി ആസ്‌ഥാനമായി എം.ബി.എൻ ഇൻഷുറൻസ് ആൻഡ് ഫിനാൻഷ്യൽ കൺസൾട്ടൻസി എന്ന സ്‌ഥാപനം ആരംഭിച്ചു. ഇപ്പോൾ ഈ സ്‌ഥാപനം അമേരിക്കയിലെ അറിയപ്പെടുന്ന ഫിനാൻഷ്യൽ കൺസൾട്ടൻസി സ്‌ഥാപനമാണ്. ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റ്, നാമം എന്ന സാംസ്കാരിക സംഘടനയുടെ സ്‌ഥാപകൻ, നായർ മഹാമണ്ഡലം സ്‌ഥാപക ചെയർമാൻ ,മുപ്പതു വർഷമായി റോട്ടറി ഇന്റർനാഷണൽ മെമ്പർ .വൂഡ്ബ്രിഡ്ജ് പെർത് അംബോയ് റോട്ടറി ക്ളബ് പ്രസിഡന്റ് (2013 –2014) തുടങ്ങിയ നിലകളിൽ സജീവമായി പ്രവർത്തിക്കുന്നു. ഭാര്യ. ഗീതാ നായർ, മക്കൾ ഭാസ്കർ നായർ, ജാനു നായർ എന്നിവരോടൊപ്പം ന്യൂജഴ്സിയിൽ താമസിക്കുന്നു.


റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം