ഗ്രേറ്റ് ബ്രിട്ടൻ രൂപതയും ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബൈബിൾ സ്റ്റഡീസും കൈകോർക്കുന്നു
Friday, November 18, 2016 6:08 AM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അൽമായർക്ക് ദൈവശാസ്ത്രപഠനത്തിനായി തലശേരി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബൈബിൾ സ്റ്റഡീസുമായി കൈകോർക്കുന്നു.

ഡിപ്ലോമ, ബിരുദ, ബിരുദാനന്തര തലങ്ങളിൽ തുടങ്ങുന്ന കോഴ്സിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം നവംബർ 19ന് (ശനി) ഗ്ലോസ്റ്ററിൽ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ തലശേരി അതിരൂപതാധ്യക്ഷൻ മാർ ജോർജ് ഞരളക്കാട്ട് നിർവഹിക്കും. പ്രശസ്ത ബൈബിൾ പണ്ഡിതനും ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബൈബിൾ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായ റവ. ഡോ. ജോസഫ് പാംബ്ലാനിയാണ് കോഴ്സിന് നേതൃത്വം നൽകുന്നത്.

രണ്ടുവർഷത്തെ ഡിപ്ലോമാ കോഴ്സ്, മൂന്നു വർഷത്തെ ബിരുദ കോഴ്സ് (ബിഎ ഡിഗ്രി, അടിസ്‌ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/പിഡിസി), രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സ് (എംഎ ഡിഗ്രി അടിസ്‌ഥാന വിദ്യാഭ്യാസ യോഗ്യത/ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി) എന്നിവയാണ് തുടക്കത്തിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിപ്ലോമ കോഴ്സിന് കാലിക്കട്ട് യൂണിവേഴ്സിറ്റി ക്രിസ്ത്യൻ ചെയറിന്റെ അംഗീകാരവും ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് യുജിസി അംഗീകാരമുള്ള സായിനാഥ് യൂണിവേഴ്സിറ്റി, നോർത്ത് ഈസ്റ്റ് ഫ്രന്റിയർ യൂണിവേഴ്സിറ്റി എന്നിവയുടെ അംഗീകാരവും ഉണ്ടായിരിക്കും. ബൈബിൾ, തിരുസഭാ ചരിത്രം, കാനൻ നിയമം, ആരാധനക്രമം എന്നിവ പ്രധാന പഠന വിഷയങ്ങളാകുമ്പോൾ ബൈബിൾ മൂലഭാഷകളായ ഗ്രീക്ക്, ഹീബ്രൂ എന്നിവ ഐശ്ചികമായി പഠിക്കുന്നതിനും അവസരമുണ്ടായിരിക്കും.

പഠിതാക്കളുടെ സൗകര്യാർഥം ഓൺലൈനായി നടത്തപ്പെടുന്ന ക്ലാസുകൾക്ക് പ്രഗത്ഭരായ അധ്യാപകർ നേതൃത്വം നൽകും. മാത്രവുമല്ല യുകെയുടെ വിവിധ ഭാഗങ്ങളിൽ വച്ച് കോൺടാക്ട് ക്ലാസുകളും നടത്തപ്പെടുന്നു. ഓരോ വിഷയവും ആധികാരികമായി പ്രതിപാദിക്കുന്ന ടെക്സ്റ്റ് ബുക്കുകളും ലഭ്യമായിരിക്കും.

വൈദികർക്കും സന്യസ്തർക്കും അൽമായർക്കും ദൈവശാസ്ത്ര വിഷയ പഠനങ്ങൾക്കായി നാട്ടിൽ പല സ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും യുകെയിൽ ഇങ്ങനെയൊരു സംരംഭം ആദ്യമാണ്. സഭയെക്കുറിച്ചുള്ള ആഴമായ അറിവിൽ വിശ്വാസികൾ വളരണമെന്ന സഭയുടെ ആഗ്രഹത്തിന്റെ തെളിവാണ് ഈ പുതിയ പഠനാവസരമെന്ന് മാർ സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു.

വിവരങ്ങൾക്ക്: ഫാ. ജോയ് വയലിൽ (കോഴ്സ് കോഓർഡിനേറ്റർ) 07846554152.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്