അശ്ലീലചിത്രം ആയുധമാക്കി പ്രതിപക്ഷം; മന്ത്രിക്കെതിരേ പ്രതിഷേധം കനക്കുന്നു
Friday, November 18, 2016 9:23 AM IST
ബംഗളൂരു: റായ്ച്ചൂരിൽ ടിപ്പു ജയന്തി ആഘോഷങ്ങൾക്കിടെ മന്ത്രി തൻവീർ സേട്ട് മൊബൈൽ ഫോണിൽ അശ്ലീലചിത്രം കണ്ടെന്ന ആരോപണത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്‌തമാക്കുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെഡി–എസും സംസ്‌ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. മംഗളൂരു, മടിക്കേരി, യാദ്ഗിർ, ദാവൻഗെരെ എന്നിവിടങ്ങളിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മന്ത്രി രാജിവച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് ബിജെപി മുന്നറിയിപ്പ് നല്കി. തൻവീർ സേട്ടിന് മന്ത്രിപദത്തിൽ തുടരാൻ യാതൊരു അർഹതയുമില്ലെന്ന് ജനതാദൾ നേതാവ് ബസവരാജ് ഹൊറട്ടി പറഞ്ഞു. കർണാടക രക്ഷണെ വേദികയും മന്ത്രിക്കെതിരേ പ്രതിഷേധ റാലി നടത്തി. തൻവീറിനെതിരേ ഇന്ത്യൻ ശിക്ഷാനിയമം 354–ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷണെവേദികെ റായ്ച്ചൂർ ജില്ലാ അധ്യക്ഷൻ അശോക് കുമാർ ജെയ്ൻ പോലീസിൽ പരാതി നല്കിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസ മന്ത്രിയായ തൻവീർ സേട്ട് ആഘോഷച്ചടങ്ങിനിടെ മൊബൈൽ ഫോണിൽ അശ്ലീലചിത്രം കാണുന്നതിന്റെ ദൃശ്യങ്ങൾ ഒരു പ്രാദേശിക ചാനലാണ് പുറത്തുവിട്ടത്. സംഭവം വലിയ വിവാദമായതോടെ ചിത്രം താൻ അബദ്ധത്തിൽ കണ്ടതാണെന്ന വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തുകയും ചെയ്തു. തൻവീറിനെതിരേ നടപടിയെടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജനാർദന പൂജാരി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.