കറൻസികൾ അസാധുവാക്കൽ: പ്രവാസികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ഫൊക്കാന
Friday, November 18, 2016 9:58 AM IST
ന്യൂയോർക്ക്: ഇന്ത്യാ ഗവൺമെന്റ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾ അസാധുവാക്കിയ നടപടിമൂലം പ്രവാസികൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഫൊക്കാന നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനകാര്യ മന്ത്രി അരുൺ ജെയ്റ്റിലിക്കും പരാതി നൽകി.

ഇന്ത്യൻ എംബസി വഴി കറൻസികൾ മാറ്റുവാനോ അല്ലെങ്കിൽ പ്രവാസി ഇന്ത്യക്കാർ എന്നാണോ ഇന്ത്യയിൽ എത്തുന്നത് അന്ന് മാറിയെടുക്കുവാനുള്ള സാവകാശം കൊടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു പ്രധാനമന്ത്രിയെ നേരിൽ കാണുവാനും പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കാനുമായി എം.ബി. രാജേഷ് എംപി യുമായി പ്രവാസി നേതാക്കൾ കൂടിക്കാഴ്ച നടത്തി.

കറൻസികൾ അസാധുവാക്കിയ പ്രഖ്യാപനം അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിൽ അമ്പരപ്പും ആശങ്കയുമാണ് ഉണ്ടാക്കിയത്. നാട്ടിൽ നിന്ന് വരുമ്പോഴും തിരികെ പോകുമ്പോഴും അമേരിക്കയിലെ മിക്ക പ്രവാസി ഇന്ത്യക്കാരും കൈവശം ഇന്ത്യൻ കറൻസികൾ സൂക്ഷിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഉത്തരവു പ്രകാരം ചെറിയ തുകയാണെങ്കിലും ഇന്ത്യൻ കറൻസികൾ കൈവശമുള്ളവർ ഈ വരുന്ന ഡിസംബർ 30നകം മാറ്റിയെടുക്കേണ്ടതായി വരുന്നു. 30 നകം നാട്ടിൽ പോകാത്തവർ ഈ പണം എങ്ങനെ മാറുമെന്ന ആശങ്കയിലാണ്. അന്തരാഷ്ര്‌ട ധനവിനിമയ സ്‌ഥാപനങ്ങൾ വഴി ഇതിന് സൗകര്യമുണ്ടാക്കണമെന്നാണ് പ്രവാസി ലോകം ആവശ്യപ്പെടുന്നത്.

അമേരിക്കയിൽ തന്നെ കറൻസികൾ മാറി എടുക്കാനുള്ള സൗകര്യം എത്രയും വേഗം നടപ്പാക്കണമെന്ന് ഫൊക്കാനക്കുവേണ്ടി പ്രസിഡന്റ് തമ്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ എന്നിവർ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ