ട്രംപിനെ പ്രശംസിച്ച ടിവി അവതാരകയ്ക്ക് പണി നഷ്ടമായി
Saturday, November 19, 2016 6:31 AM IST
ഹൂസ്റ്റൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ഡൊണൾഡ് ട്രംപിനെ അഭിനന്ദിച്ചും പ്രസിഡന്റ് ഒബാമയെ കുറ്റപ്പെടുത്തിയും ഫെയ്സ് ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തിയ ടിവി അവതാരികയെ ജോലിയിൽനിന്നും പരിച്ചുവിട്ടു.

KRIV അവതാരിക സ്കാർലറ്റ ഫാക്കർ എന്ന ഇരുപത്തഞ്ചുകാരിയാണ് തന്റെ വ്യക്‌തിപരമായ അഭിപ്രായങ്ങൾ സ്വകാര്യ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ കുറ്റത്തിനാണ് പിരിച്ചുവിടൽ നടപടിക്ക് വിധേയ ആയതെന്ന് മാധ്യമങ്ങളെ അറിയിച്ചു.

ട്രംപ് തെരഞ്ഞെടുപ്പിൽ ജയിച്ചു എന്നറിഞ്ഞതിനുശേഷമാണ് സുഖമായ ഉറക്കവും സുരക്ഷിതത്വ ബോധവും ലഭിച്ചതെന്നും ഒബാമയുടെ എട്ടു വർഷത്തെ ഭരണം ജനങ്ങളിൽ പരസ്പരം ചേരിതിരിവ് സൃഷ്ടിച്ചുവെന്നും ഇവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

തെരഞ്ഞെടുപ്പിനു മുമ്പും തെരഞ്ഞെടുപ്പു കഴിഞ്ഞും ഉണ്ടായ സംഭവ വികാസങ്ങളേയും കുറിച്ചുള്ള വ്യക്‌തിപരമായ അഭിപ്രായങ്ങൾ പൊതുജനമധ്യത്തിലേക്ക് കൊണ്ടുവരുന്നതു ശരിയായി തോന്നുന്നില്ലെന്നും ക്ഷമാപണം നടത്തുന്നുവെന്നും ഫേസ്ബുക്കിൽനിന്നും അഭിപ്രായങ്ങൾ നീക്കം ചെയ്തശേഷം സ്കാർലറ്റ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ