ഡോളർ വീണ്ടും ശക്‌തി പ്രാപിക്കുന്നു
Saturday, November 19, 2016 6:32 AM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കൻ സാമ്പത്തിക അടിത്തറ തകരുമെന്നുള്ള പ്രവചനങ്ങൾ കാറ്റിൽപറത്തി ഡോളർ ശക്‌തിപ്രാപിക്കുന്നതായി നവംബർ 18ന് പുറത്തിറക്കിയ സാമ്പത്തിക സർവേയിൽ പറയുന്നു.

കഴിഞ്ഞ പതുമൂന്ന് വർഷത്തിനിടെ ആദ്യമായാണ് ഡോളർ വില ഇത്രയും ഉയരത്തിലെത്തുന്നതെന്ന് ന്യൂയോർക്ക് ഒ നീൽ സെക്യൂരിറ്റി ഡയറക്ടർ കെൻ പോൾകറി പറഞ്ഞു. നിയുക്‌ത പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തിക നയപരിപാടികൾ ശരിയാണെന്ന് തെളിയിക്കുന്നതിന്റെ സൂചനയാണ് ഡോളർ ശക്‌തിപ്പെടുന്നതിന് ഇടയാക്കിയതെന്നും അതേസമയം ഡോളർ ശക്‌തിപ്പെടുന്നത് അമേരിക്കൻ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോളറുമായുള്ള യൂറോ വിനിമയ നിരക്ക് .3 ശതമാനം കുറഞ്ഞ് 1.0593 ൽ എത്തിയത് ഡോളർ വാങ്ങിക്കൂട്ടുന്നതിന് നിക്ഷേപകരെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് ഷിക്കാഗോ ബ്രോക്കറേജ് (TJM) ഫോറിൻ എക്സ്ചേഞ്ച് വിഭാഗം തലവൻ റിച്ചാർഡ് സ്കലോണ്ട് പറഞ്ഞു.

ഇന്ത്യൻ രൂപയുമായുള്ള ഡോളർ വിനിമയ നിരക്കിലും കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ കറൻസിയുടെ അസ്‌ഥിരത, ഡോളർ വില ഇനിയും വർധിക്കുന്നതിന് സാധ്യതയുള്ളതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഡോളർ ശക്‌തിപ്പെട്ടതോടെ സ്വർണ വിലയിൽ കുറവ് അനുഭവപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ