ട്രാൻസ് അറ്റ്ലാന്റിക് വ്യാപാര കരാറിന് അകാലമൃത്യു
Saturday, November 19, 2016 10:36 AM IST
ബർലിൻ: യൂറോപ്യൻ യൂണിയനും യുഎസും തമ്മിൽ ചർച്ച ചെയ്തു വന്ന ട്രാൻസ് അറ്റ്ലാന്റിക് വ്യാപാര കരാറിന് അകാല മൃത്യു സംഭവിച്ചതായി ജർമൻ ചാൻസലർ ആംഗല മെർക്കൽ. ഇത്തരം അന്താരാഷ്ര്‌ട വ്യാപാര കരാറുകളെ പൊതുവിലും ട്രാൻസ് അറ്റ്ലാന്റിക് കരാറിനെ പ്രത്യേകിച്ചും എതിർക്കുന്ന ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റാകുന്ന പശ്ചാത്തലത്തിലാണ് മെർക്കലിന്റെ പ്രതികരണം.

യുഎസിൽ തൊഴിലില്ലായ്മ വർധിക്കാൻ കാരണം ഇത്തരം കരാറുകളാണെന്നാണ് മെർക്കലിന്റെ നിലപാട്. ഈ വിഷയത്തിൽ നിലവിലുള്ള പ്രസിഡന്റ് ബറാക് ഒബാമയുമായും മെർക്കൽ ചർച്ച നടത്തിയിരുന്നു.

2013ലാണ് കരാർ സംബന്ധിച്ച് യൂറോപ്യൻ യൂണിയനും യുഎസും ചർച്ച ആരംഭിച്ചത്. 850 മില്യൻ ഉപയോക്‌താക്കൾ ഉൾപ്പെടുന്ന, ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വാണിജ്യ വിപണി രൂപീകരിക്കുകയായിരുന്നു ലക്ഷ്യം.

എന്നാൽ, കരാറിനെതിരേ യൂറോപ്പിലും കടുത്ത എതിർപ്പാണ് നിലനിൽക്കുന്നത്. യൂറോപ്യൻ ആരോഗ്യ, ക്ഷേമ നിലവാരത്തിന്റെ തകർച്ചയ്ക്കു ഇതു കാരണമാകുമെന്ന ആശങ്ക ശക്‌തമാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ