ഫിഫ മ്യൂസിയം തുറന്ന് ഒരു വർഷം തികയും മുൻപേ അടച്ചുപൂട്ടുന്നു
Saturday, November 19, 2016 10:37 AM IST
ബർലിൻ: സ്വപ്ന പദ്ധതിയായി അവതരിപ്പിച്ച് എട്ടു മാസം മുൻപ് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഫുട്ബോൾ മ്യൂസിയം ഫിഫ അടച്ചുപൂട്ടുന്നു. ഫിഫയ്ക്ക് നഷ്‌ടം വരുത്തുന്നു എന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് അടച്ചുപൂട്ടാനുള്ള തീരുമാനം.

മുൻ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട പദ്ധതിയാണിത്. 2016 ൽ മ്യൂസിയം കാരണം 30 മില്യൻ ഡോളറിന്റെ നഷ്‌ടമാണ് കണക്കാക്കുന്നത്. ജനുവരിയിൽ ചേരുന്ന യോഗത്തിലായിരിക്കും പൂട്ടാനുള്ള തീയതി തീരുമാനിക്കുക. പൂട്ടുമെന്ന കാര്യം ഉറപ്പാണെന്നും മ്യൂസിയം ഡയറക്ടർ സ്റ്റെഫാൻ ജോസ്റ്റ്. ഇതു ജീവനക്കാരെ അറിയിച്ചു കഴിഞ്ഞതായും ഫിഫ വൃത്തങ്ങൾ പറയുന്നു. 105 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. മൂവായിരം ചതുരശ്ര മീറ്റർ വലിപ്പമുള്ള മ്യൂസിയം ലോകോത്തര രീതിയിലാണ് നിർമിച്ചത്.

140 മില്യൻ ഡോളർ ചെലവഴിച്ച് നിർമിച്ച മ്യൂസിയം കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഉദ്ഘാടനം ചെയ്തത്. തുടർന്നിങ്ങോട്ട് ഇൻഫാന്റിനോ നടപ്പാക്കിവരുന്ന വ്യാപകമായ ചെലവുചുരുക്കൽ നടപടികളുടെ ഭാഗം കൂടിയാണ് മ്യൂസിയം അടച്ചുപൂട്ടലും.

മൂവായിരം സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള മ്യൂസിയത്തിൽ പ്രതിമാസം ശരാശരി 11,000 സന്ദർശകരെത്തുന്നു. പ്രതീക്ഷിച്ചതിലും വളരെ കുറവാണിത്.1,30,000 മുതൽ 1,50,000 വരെ സന്ദർശകരെ പ്രതീക്ഷിച്ചെങ്കിലും ഫിഫ നിരാശപ്പെടേണ്ടി വന്നു ഇത്തരമൊരു വലിയ പ്രോജക്ടിലൂടെ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ