ഡബ്ല്യുഎംഎഫ് ഓസ്ട്രിയ പ്രൊവിൻസിന് തുടക്കമായി
Monday, November 21, 2016 8:32 AM IST
വിയന്ന: ലോക മലയാളികൾക്കിടയിൽ സുശക്‌തമായൊരു നെറ്റ്വർക്കും ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമാക്കി തുടക്കംകുറിച്ച വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) ഓസ്ട്രിയ പ്രൊവിൻസ് നിലവിൽ വന്നു.

നവംബർ 18ന് വിയന്നയിലെ പ്രോസി സമുച്ചയത്തിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഓസ്ട്രിയയിൽ എത്തിയ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ ഓസ്ട്രിയ പ്രവിശ്യയുടെ ഉദ്ഘാടനം നിർവഹിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മേഖലകളിലും ജീവിക്കുന്ന മലയാളികളുടെ സാംസ്കാരിക സമ്പന്നതയിൽ ജീവിക്കുവാനും അത് പങ്കുവയ്ക്കുവാനും പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയാണ് ഇന്ന് ലോകത്ത് ആവശ്യമെന്നും സഹായം ആവശ്യമുള്ളവർക്ക് ചെറിയ രീതിയിൽ ആണെങ്കിൽപോലും കൈത്താങ്ങായിതീരാൻ പ്രവാസി മലയാളികൾക്ക് സാധിച്ചാൽ ഡബ്ല്യുഎംഎഫ് വിഭാവനം ചെയ്യുന്ന കൂട്ടായ്മയുടെ ലക്ഷ്യം ലോകം മുഴുവൻ കാട്ടുതീപോലെ പടരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു.

സംഘടനയുടെ ഗ്ലോബൽ കോഓർഡിനേറ്ററും പ്രോസി ഗ്രൂപ്പിന്റെ ചെയർമാനുമായ പ്രിൻസ് പള്ളിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസവിദഗ്ധൻ ഡോ. അബ്ദുള്ള സബാഹി വിശിഷ്ടാതിഥിയായിരുന്നു.

നയതന്ത്രജ്‌ഞൻ അമീർ പിച്ചാൻ, അസീസ്, തോമസ് പടിഞ്ഞാറേക്കാലായിൽ, സാബു ചക്കാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സംഘടനയുടെ ആദ്യ അംഗത്വം ആമിർ പിച്ചാന് നൽകി പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. അറുപതിലധികം അംഗങ്ങൾ സംഘടനയുടെ ഭാഗമായതായും വനിതാഫോറവും യൂത്ത് ഗ്രൂപ്പും രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഡബ്ല്യുഎംഎഫിന്റെ ക്രിസ്മസ് പുതുവത്സര പരിപാടി ജനുവരി രണ്ടിന് സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. പുതിയ ഭാരവാഹികളായി

തോമസ് പടിഞ്ഞാറേകാലായിൽ (പ്രസിഡന്റ്), സാബു ചക്കാലയ്ക്കൽ (ജനറൽ സെക്രട്ടറി), സഞ്ജീവൻ ആണ്ടിവീട് (ട്രഷറർ), ടോമിച്ചൻ പാറുകണ്ണിൽ (കോർഡിനേറ്റർ), ജേക്കബ് കീക്കാട്ടിൽ, അവറാച്ചൻ കരിപ്പക്കാട്ട് (വൈസ് പ്രസിഡന്റുമാർ), പോൾ കിഴക്കേക്കര, റെജി ജോൺ മേലഴകത്ത് (ജോ. സെക്രട്ടറിമാർ), മാത്യു പള്ളിമറ്റത്തിൽ (ഓഡിറ്റർ), ബേബി തുപ്പത്തി (ആർട്സ് ക്ലബ് സെക്രട്ടറി), തോമസ് കാരയ്ക്കാട്ട് (ചാരിറ്റി കൺവീനർ), ബിജു മാളിയേക്കൽ (മീഡിയ കോർഡിനേറ്റർ) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രിൻസ് പള്ളികുന്നേൽ, ജോഷിമോൻ എറണാകേരിൽ, വർഗീസ് പഞ്ഞിക്കാരൻ, അസിസ്സ് പുള്ളോർൾങ്ങാടൻ, ഡെന്നിസ് ചിറയത്ത്, മാർട്ടിൻ ജോർജ്, നിജോ സെബാസ്റ്റ്യൻ, ഔസേപ്പച്ചൻ പേഴുംകാട്ടിൽ, റിൻസ് നിലവൂർ, സിജിമോൻ പള്ളികുന്നേൽ, സ്റ്റീഫൻ ചെവ്വൂകാരൻ, ജോർജ് ജോൺ, വർഗീസ് വാളൂർക്കാരൻ, സിറോഷ് ജോർജ്, വിനു കളരിത്തറ, ബാബു തട്ടിൽ നടക്കലാൻ, സണ്ണി മണിയഞ്ചിറ, സാബു മാരേട്ട് എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജോബി ആന്റണി