ഗോപിയോ ഷിക്കാഗോയുടെ ബിസിനസ് കോൺഫറൻസും ആനുവൽ ഗാലയും വിജയമായി
Tuesday, November 22, 2016 2:35 AM IST
ഷിക്കാഗോ: ഗ്ലോബൽ ഓർഗനൈസേഷൻ ഫോർ പീപ്പിൾസ് ഓഫ് ഇന്ത്യൻ ഒറിജിന്റെ (ഗോപിയോ) ബിസിനസ് കോൺഫറൻസും, വാർഷിക ഗാലയും പ്രശസ്തരുടെ സാന്നിധ്യംകൊണ്ട് ഷിക്കാഗോയിലെ ഇന്ത്യക്കാരുടെ ഒരു നാഴികക്കല്ലായി. ഓക്ബ്രൂക്കിലുള്ള മാരിയോട്ടിന്റെ ഗ്രാന്റ് ബാൾ റൂമിലായിരുന്നു സമ്മേളനം. പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന ഓപ്പണിംഗ് സെറിമണി യുഎസ് കോൺഗ്രസ് മാൻ മൈക്ക് കൂഗലി ഉദ്ഘാടനം ചെയ്തു. സവീന്ദർ സിംഗ് ആയിരുന്നു മാസ്റ്റർ ഓഫ് സെറിമണി. സെക്രട്ടറി വിക്രാന്ത് സിംഗ് ആമുഖ പ്രസംഗം നടത്തി. വെസ്റ്റിംഗ് ഹൗസ് ഓപ്പറേഷൻസ് ഡിവിഷണൽ ഡയറക്ടറും, ഗോപിയോ ഷിക്കാഗോയുടെ പ്രസിഡന്റുമായ ഗ്ലാഡ്സൺ വർഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഗോപിയോ ഷിക്കാഗോ അമേരിക്കയിലെ ഇന്ത്യക്കാരുടെ ഇടയിൽ ചെറുതും വലുതുമായ ബിസിനസുകാർക്ക് നെറ്റ് വർക്കിംഗ് ചെയ്യാനും വളരുവാനുമുള്ള പ്ലാറ്റ്ഫോം ഉണ്ടാക്കിയിരിക്കുകയാണെന്നു പറഞ്ഞു. കോൺഗ്രസ് മാൻ മൈക്ക് കൂഗലിയും കോൺഗ്രസ് മാൻ രാജാ കൃഷ്ണമൂർത്തിയും ഗോപിയോ ഷിക്കാഗോയുടെ എല്ലാ ബിസിനസ് സംരംഭങ്ങൾക്കും തങ്ങളുടെ പൂർണ്ണ പിന്തുണ മറുപടി പ്രസംഗത്തിൽ അറിയിച്ചു.

ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ആസിഫ് സയ്ദ് തിരി തെളിയിച്ച് ബിസിനസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന അവാർഡ് സെറിമണിയിൽ മികച്ച ബിസിനസ് മാൻ ഓഫ് ദി ഇയർ അവാർഡ് ഇന്ത്യൻ പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധി, ഡോ. മൻമോഹൻ സിംഗ് എന്നിവരുടെ പ്രിൻസിപ്പൽ ടെക്നിക്കൽ അഡ്വൈസറും, ഡിസാം കോർപ്പറേഷന്റെ ചെയർമാനും, ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ ഇൻഡസ്ട്രിയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ ഡോ. സാം പിട്രോഡയ്ക്കു നൽകുകയുണ്ടായി. കമ്യൂണിറ്റി ലീഡർ ഓഫ് ദി ഇയർ അവാർഡ് വിവിധ രാജ്യങ്ങളിലായി പതിനായിരത്തോളം ജോലിക്കാരുള്ള സെന്റ് ലൂയീസിലുള്ള റെഡ് ബെറി കോർപറേഷൻ ചെയർമാനും, സാമൂഹ്യ നന്മയ്ക്കായി അനേകം സംഭാവനകൾ നൽകിയിട്ടുള്ള ഡോ. ദീപക് വ്യാസിനു നൽകി. പ്രസിഡൻഷ്യൽ അവാർഡ് ആദ്യമായി യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ രാജാ കൃഷ്ണമൂർത്തിക്ക് നൽകി. സ്റ്റുഡന്റ് ഓഫ് ദി ഇയർ അവാർഡ് മെഡിക്കൽ വിദ്യാർത്ഥിയും, സ്കൂൾ വാലിഡിക്ടോറിയനും, സ്കൂൾ പ്രസിഡന്റ്, എ.സി.ടി പരീക്ഷയിൽ 36–ൽ 36 മാർക്കും വാങ്ങി ഉജ്വല വിജയം നേടിയ പ്രീമ മീറ്റയ്ക്കും നൽകുകയുണ്ടായി.



തുടർന്ന് നടന്ന ബിസിനസ് കോൺഫറൻസിൽ ഡിസാം കോർപറേഷൻ ചെയർമാൻ ഡോ. സാം പിട്രോഡ, റെഡ് ബെറി കോർപറേഷൻ ചെയർമാൻ ഡോ. ദീപക് വ്യാസ്, പർഡ്യൂ യൂണിവേഴ്സിറ്റി പ്രൊഫസറും നോബൽ പ്രൈസ് വിന്നിംഗ് ടീം മെമ്പറുമായ ഡോ. നീതി പരേഷാർ, മേയർ ഡോ. ഗോപാൽ ലാൽമലാനി, പവർ പ്ലാന്റ് കോർപറേഷൻ സി.ഇ.ഒ മനീഷ് ഗാന്ധി, പവർ വോൾട്ട് കോർപറേഷൻ സി.ഇ.ഒ ബ്രിജി ശർമ്മ, ഓറോ കെമിക്കൽ കോർപറേഷൻ സിഇഒ ഡോ. അനിൽ ഒറോസ്കർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾക്കും ഡിന്നറിനും ശേഷം പരിപാടികൾക്ക് തിരശീല വീണു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം