സ്വിറ്റ്സർലൻഡിൽ പക്ഷിപ്പനി മുന്നറിയിപ്പ് , ബീലർ തടാകത്തിൽ എച്ച്5എൻ8 വൈറസ്
Tuesday, November 22, 2016 2:36 AM IST
സൂറിച്ച് : സ്വിറ്റ്സർലൻഡിൽ പക്ഷിപ്പനി മുന്നറിയിപ്പ്. സ്വിസിലെ ബീലർ തടാകത്തിലെ താറാവുകളിലാണ് എച്ച്5എൻ8 വൈറസ് ബാധ കണ്ടെത്തിയതായി സർക്കാർ ആരോഗ്യ വകുപ്പ് അറിയിച്ചത്. കഴിഞ്ഞയാഴ്ച ബീൽ തടാകക്കരയിൽ രണ്ടു കടൽ കാക്കകൾ ചത്തിരുന്നു. ഇവയെ പരിശോധിച്ച പ്പോഴാണ് വൈറസ്ബാധ ആദ്യമായി കണ്ടെത്തിയത്.

ഇവിടെ തന്നെ രണ്ട് അരയന്നങ്ങളും വൈറസ് ബാധ മൂലം ചത്തിരുന്നു. ഇതിനെ തുടർന്നു സ്വിറ്റ്സർലൻഡിലെ വലിയ തടാകങ്ങളായ ബോധൻ, ജനീവ, നൊയേബുർഗർ തടാകങ്ങളിലെല്ലാം വൈറസ് ബാധയുള്ളതായി ബേർണിഷ് നാഷണൽ ഇക്കണോമിക് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

ചൊവ്വാഴ്ചയാണ് തടാകങ്ങളിലെ പക്ഷികളിലെ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. അതിന്റെ അടിസ്‌ഥാനത്തിൽ കമ്മീഷൻ രാജ്യത്തെ കർഷകരോട് തങ്ങളുടെ കോഴികളെ തുറസായ സ്‌ഥലങ്ങളിൽ തുറന്നുവിടരുതെന്നും പക്ഷിപ്പനി പടരുവാൻ ഇതു ഇടയാക്കുമെന്നും അറിയിച്ചു. അടച്ചുപൂട്ടിയ സ്‌ഥലങ്ങളിൽ കോഴികളെയും മറ്റും വളർത്തണമെന്നും, മേൽക്കൂരയുള്ള അടച്ചു പൂട്ടിയ സ്‌ഥലങ്ങളിൽ തന്നെ അവയ്ക്ക് തീറ്റ നൽകണമെന്നും മുന്നറിയിപ്പ് നൽകുന്നു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ