‘സമാധാനം മാനവികത’ കാമ്പയിന് ജിദ്ദയിൽ ഉജ്‌ജ്വല സമാപനം
Tuesday, November 22, 2016 9:29 AM IST
ജിദ്ദ: തനിമ സാംസ്കാരികവേദി ദേശീയ തലത്തിൽ സംഘടിപ്പിച്ച ‘സമാധാനം മാനവികത’ കാമ്പയിന് ജിദ്ദയിൽ ഉജ്‌ജ്വല സമാപനം. സനാഇയ്യയിലെ ജിഎസ്എഫ്എഒ ഗ്രൗണ്ടിൽ നടന്ന സമാപനസമ്മേളനം പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ മതസൗഹാർദപാരമ്പര്യത്തിന് വിള്ളൽ വീണുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ‘സമാധാനം മാനവികത’ എന്ന വിഷയത്തിൽ സൗദി അറേബ്യയിലുടനീളം നടന്ന കൂട്ടായ്മകളും സംവാദങ്ങളും വലിയ സന്ദേശമാണ് പ്രസരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു എന്ന വാക്കിന്റെ വിപരീതമാണ് മുസ് ലിം എന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ശത്രുത മതത്തിന്റെ ഭാഗമാണെന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് ഫാസിസ്റ്റുകൾ. യഥാർഥത്തിൽ മതങ്ങൾക്കിടയിൽ ഒരു ശത്രുതയ്ക്കും പ്രസക്‌തിയില്ല. ഇസ് ലാമിനെ ശത്രു സ്‌ഥാനത്ത് നിർത്തുന്ന ഫാസിസം ഇന്ത്യൻ പാരമ്പര്യത്തെയും സാഹിത്യത്തെയും വികൃതവത്കരിച്ച് സ്വയം പരിഹാസ്യരാവുകയാണ്.

ബുദ്ധി ജീവികൾ, സാഹിത്യകാരന്മാർ, കലാകാരന്മാർ തുടങ്ങിയ കൊള്ളാവുന്നവർക്ക് പാക്കിസ്‌ഥാനിലേക്ക് ടിക്കറ്റ് കൊടുത്ത് പാക്കിസ്‌ഥാനെ നന്നാക്കുന്ന തിരക്കിലാണവരെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യാ ചരിത്രം ഹിന്ദു മുസ് ലിം സംഘട്ടനത്തിന്റേതാക്കാൻ ശ്രമിക്കുകയും കോർപറേറ്റുകൾക്ക് ചൂട്ടുപിടിക്കുകയും ചെയ്ത ബ്രിട്ടീഷുകാരുടെ പാത തന്നെയാണ് ഇവരും പിന്തുടരുന്നതെന്ന് രാമനുണ്ണി പറഞ്ഞു.

സൗദി തനിമ പ്രസിഡന്റ് സി.കെ.മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു.
സൗദി കാമ്പയിൻ കൺവീനർ കെ.എം. ബഷീർ വിഷയം അവതരിപ്പിച്ചു. സനാഇയ്യ ജാലിയാത്ത് മേധാവി ഷെയ്ഖ് സാത്തി സാലിഹ് അൽ സഹ്റാനി കെ.പി. രാമനുണ്ണിക്ക് ഉപഹാരം സമർപ്പിച്ചു. ഡോ. നുഅ്മാൻ ബന്ദൻ, ഷെയ്ഖ് മുഹമ്മദ് ബാബക്കർ, അഹമ്മദ് ഉണ്ണീൻ, ഗോപി നെടുങ്ങാടി, ഗൾഫ് മാധ്യമം ബ്യൂറോ ഇൻചാർജ് പി. ഷംസുദ്ദീൻ, നജ്മുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. സൗദി തനിമ സെക്രട്ടറി ഉമർ ഫാറുഖ്, എൻ.കെ അബ്ദുറഹീം, തനിമ സൗത്ത് നോർത്ത് സോൺ പ്രിസിഡന്റുമാരായ സഫറുള്ള മുല്ളോളി, അബ്ദുൾ ഷുക്കൂർ അലി, യൂത്ത് ഇന്ത്യ നോർത്ത് സൗത്ത് ചാപ്റ്റർ പ്രസിഡന്റുമാരായ ഉമർ ഫാറൂഖ്, മുഹമ്മദ് റഫ്അത്ത് തുടങ്ങിയവർ സംബന്ധിച്ചു. അബദുൾ കബീർ മുഹ്സിൻ അവതാരകനായിരുന്നു. തുടർന്നു കലാവിരുന്നും അരങ്ങേറി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ