പത്തനംതിട്ട ജില്ലയിൽ വിമാനത്താവളം യാഥാർഥ്യമാക്കും: വീണ ജോർജ് എംഎൽഎ
Tuesday, November 22, 2016 9:34 AM IST
ഹൂസ്റ്റൺ: കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ മലയാളികൾ ഉളളതും ലക്ഷക്കണക്കിന് ഭക്‌തജനങ്ങൾ വന്നു പോകുന്ന ശബരിമലയുടെ ആസ്‌ഥാനവുമായ പത്തനംതിട്ട ജില്ലയിൽ ഒരു വിമാനത്താവളം എന്ന ചിരകാല സ്വപ്നം അഞ്ചു വർഷത്തിനുളളിൽ യാഥാർഥ്യമാകുന്നതിന് പരിശ്രമിക്കുമെന്ന് വീണ ജോർജ് എംഎൽഎ. പത്തനംതിട്ട ജില്ലാ അസോസിയേഷൻ യുഎസ്എ വീണ ജോർജ് മുഖേന മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു അവർ.

ശബരിമല തീർഥാടകർക്ക് പ്രയോജനകരമാംവിധം ഒരു വിമാനത്താവളം അനുവദിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത അനുകൂല നിലപാടുകൾ വീണ ജോർജ് സദസ്യരുടെ ശ്രദ്ധയിൽപ്പെടുത്തി. ജില്ലയിലെ മറ്റു എംഎൽഎമാരുമായി കൂടിയാലോചിച്ച് വേണ്ടത് ചെയ്യാമെന്ന് വീണാ ജോർജ് ഉറപ്പു നൽകി. ജില്ലാതിർത്തിയിലുളള ഏരുമേലി ചെറുവളളി എസ്റ്റേറ്റിനോടൊപ്പം സർക്കാർ ഉടമസ്‌ഥതയിലുളള യാതൊരു പാരിസ്‌ഥിതിക പ്രശ്നങ്ങളുമില്ലാത്ത പ്ലാന്റേഷൻ കോർപറേഷൻ വക കൊടുമൺ എസ്റ്റേറ്റ്, ശബരിമലക്കടുത്ത് ളാഹ എസ്റ്റേറ്റ്, കുമ്പഴയ്ക്കടുത്ത് ഹാരിസൺ എസ്റ്റേറ്റ് തുടങ്ങിയ സ്‌ഥലങ്ങളും വിമാനത്താവളത്തിന് അനുയോജ്യമായതും പരിഗണിക്കാവുന്നതാണെന്നും ബ്ലസൻ ഹൂസ്റ്റൺ സമർപ്പിച്ച നിവേദനത്തിൽ പറയുന്നു.

ജില്ലക്ക് അഭിമാനമായ പമ്പാനദിയുടെ സംരക്ഷണത്തിന് ഊന്നൽ നൽകി ടൂറിസം രംഗത്ത് വൻ കുതിപ്പിന് ഉതകത്തക്കവണ്ണം ജില്ലയിലെ പ്രകൃതി രമണീയ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഒരു നദീജല സഞ്ചാരപാത ജില്ലയിൽ ഉണ്ടാകുന്നതിന് ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടുളള നിവേദനം ജീമോൻ റാന്നി സമർപ്പിച്ചു. ഈ പദ്ധതികളിൽ മുതൽ മുടക്കുന്നതുൾപ്പെടെയുളള പൂർണസഹകരണം അമേരിക്കയിലെ പത്തനംതിട്ട പ്രവാസികളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുമെന്ന് അസോസിയേഷൻ വാഗ്ദാനം ചെയ്തു.

എംഎൽഎ ആയതിനുശേഷം ആദ്യമായി ഹൂസ്റ്റണിൽ എത്തിയ വീണ ജോർജിന് ആവേശോജ്വലമായ സ്വീകരണമാണ് അസോസിയേഷൻ ഒരുക്കിയത്. നവംബർ 20ന് സ്റ്റാഫോർഡിലുളള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന സ്വീകരണ യോഗത്തിൽ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. എം.ബി. രാജേഷ് എംപി ജില്ലാ അസോസിയേഷന്റെ പ്രവർത്തനോദ്ഘടനം നിർവഹിച്ചു. ശശിധരൻ നായർ വിശിഷ്‌ടാതിഥികളെ പൊന്നാട അണിയിച്ചു. സ്‌ഥാപക ചെയർമാൻ അലക്സാണ്ടർ തോമസ്, വീണ ജോർജിന് മൊമന്റോ നൽകി ആദരിച്ചു. സ്റ്റാഫോർഡ് സിറ്റി കൗൺസിൽ പ്രോട്ടേം മേയർ കെൻ മാത്യു, ടോം ഏബ്രഹാം അസോസിയേഷൻ സാരഥികളും ജയിംസ് കൂടൽ, ഹൂസ്റ്റണിലെ പ്രമുഖരുമായ ജോർജ് ഫിലിപ്പ്, ഡോ. ജോർജ് കാക്കനാട്, സഖറിയ കോശി, പൊന്നുപിളള, മാമ്മൻ ജോർജ്, ഷാജി കല്ലൂർ തുടങ്ങിയവർ സംസാരിച്ചു. ശശിധരൻ നായർ, ജയിംസ് കൂടൽ, ഡോ. ജോർജ് കാക്കനാട്ട്, ഏബ്രഹാം ഈപ്പൻ, ജോർജ് ഫിലിപ്പ്, പൊന്നുപിളള, ബ്ലസൻ ഹൂസ്റ്റൺ, സഖറിയ കോശി, ഷാജി കല്ലൂർ, മാമ്മൻ ജോർജ്, ചാർലി വർഗീസ് പടനിലം, റെനി കവലയിൽ, സജി കീക്കൊഴൂർ, റോയി വെട്ടുകുഴി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.