ലുഫ്താൻസ പൈലറ്റുമാർ ബുധനാഴ്ച പണിമുടക്കും
Tuesday, November 22, 2016 10:17 AM IST
ബർലിൻ: ലുഫ്താൻസ പൈലറ്റുമാർ ബുധനാഴ്ച പണിമുടക്കും. കോക്ക്പിറ്റ് യൂണിയന്റേതാണ് സമര പ്രഖ്യാപനം. അതേസമയം ബജറ്റ് എയർലൈൻസ് വിഭാഗമായ യൂറോവിംഗ്സിനെ സമരം ബാധിക്കില്ല.

ശമ്പള വർധന സംബന്ധിച്ച് മാനേജ്മെന്റുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരം അനിവാര്യമായി മാറിയിരിക്കുകയാണെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. ലുഫ്താൻസ, ലുഫ്താൻസ കാർഗോ, ജർമൻവിംഗ്സ് എന്നിവയിലായി 5400 പൈലറ്റുമാരാണുള്ളത്.

കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കിൽ 20 ശതമാനം ശമ്പള വർധനയാണ് യൂണിയൻ ആവശ്യപ്പെടുന്നത്. 2012ൽ അവസാന കരാർ കാലാവധി അവസാനിച്ച ശേഷം കമ്പനി ശമ്പള വർധന നൽകിയിട്ടില്ല.

സരമം ഒഴിവാക്കാൻ ആർബിട്രേഷൻ നടത്തുന്നതിന് കമ്പനി ശ്രമിക്കുന്നു. എന്നാൽ, ആർബിട്രേഷനു വയ്ക്കാൻ മാത്രം ശമ്പള വർധന പോലും കമ്പനി വാഗ്ദാനം ചെയ്യുന്നില്ലെന്നാണ് യൂണിയന്റെ വാദം.

ഇതിനിടെ, ഹാംബുർഗ്, ഡ്യുസൽഡോർഫ് വിമാനത്താവളങ്ങളിൽ മാത്രം യൂറോവിംഗ്സിന്റെ ക്യാബിൻ ക്രൂവും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ അഞ്ചു മുതൽ രാത്രി എട്ടു വരെയാണ് ഇവരുടെ പണിമുടക്ക്. എന്തായാലും വരും ദിവസങ്ങളിൽ ജർമനിയിലെ വ്യോമയാന സർവീസ് ജനങ്ങളെ വലയ്ക്കുമെന്നുറപ്പാണ്.

ശമ്പള ഘടന, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ചാണ് യൂണിയനും മാനേമജ്മെന്റും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നത്. 2013 ഡിസംബർ മുതൽ ഇതിന്റെ പേരിൽ സമരങ്ങൾ തുടർക്കഥയാണ്. ഇതുവരെ പൈലറ്റുമാരുടെ യൂണിയനാണ് സമരം നടത്തി വന്നിരുന്നത്. ട്രാൻസിഷണൽ വ്യവസ്‌ഥ സംബന്ധിച്ച് യുഎഫ്ഒയും മാനേജ്മെന്റും തമ്മിൽ രണ്ടു വർഷമായി തർക്കം നിലനിൽക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ