ജർമനിയിൽ ക്രിസ്മസ് വിപണികൾ ഉണർന്നു
Tuesday, November 22, 2016 10:17 AM IST
ബർലിൻ: നവംബർ പാതി പിന്നിട്ടതോടെ ജർമനിയിൽ ക്രിസ്മസ് വിപണി ഉണർന്നു തുടങ്ങി. ഉത്സവ പ്രതീതിയിലേക്ക് നാടും നഗരവും ആവേശം കൊള്ളുകയായി. അതായത് നവംബർ 20 മുതൽ ക്രിസ്മസ് ചന്തകൾ തുറന്നു പ്രവർത്തനം തുടങ്ങി.

രാജ്യത്തെ ഹോട്ടസ്റ്റ് ക്രിസ്മസ് വിപണി എന്നറിയപ്പെടുന്ന ഹാംബുർഗിൽ വ്യാഴാഴ്ചയോടെയാണ് ഔപചാരികമായ തുടക്കമായത്. നോർത്ത് റൈൻ വെസ്റ്റ്ഫാലിയയുടെ തലസ്‌ഥാനമായ ഡ്യുസൽഡോർഫാണ് വിപണി ഉണർന്ന മറ്റൊരു പ്രധാന നഗരം. എന്നാൽ, ഇവിടെ വിപണി പരമ്പരാഗത സ്വഭാവം പുലർത്തുന്നതാണ്. പഴയ നഗരത്തിൽ ആകമാനം പരന്നു കിടക്കുന്നതാണ് ഇവിടുത്തെ കച്ചവടങ്ങൾ.

ബർലിനിലെ വിപണികൾ തിങ്കളാഴ്ചയോടെ പൂർണ സജ്‌ജമായി. മ്യൂണിക്കിൽ ഇത് 24 വരെ നീളും. ഭീകര ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഇക്കുറി എല്ലായിടത്തും.

ഡ്രെസ്ഡൻ, ഫ്രാങ്ക്ഫർട്ട്, ന്യൂറംബർഗ് തുടങ്ങിയ വൻ നഗരങ്ങളിലും ക്രിസ്മസ് ചന്തകൾ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 23 വരെയാണ് ക്രിസ്മസ് ചന്തകൾ തുറന്നു പ്രവർത്തിക്കുക.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ