മെർക്കലിനും പാർട്ടിക്കും ജനസമ്മതിയേറുന്നു
Tuesday, November 22, 2016 10:18 AM IST
ബർലിൻ: ജർമൻ ചാൻസലർ സ്‌ഥാനാർഥിയാകുമെന്ന് മെർക്കൽ പ്രഖ്യാപിച്ചതോടെ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയൻ (സിഡിയു) പാർട്ടിയുടെ മതിപ്പ് ഏറിവരികയാണ്. മെർക്കലിന്റെ വികലമായ അഭയാർഥി നയത്തെ തുടർന്ന് ജനസമ്മതി അപ്പാടെ തകർന്നിരുന്ന സിഡിയുവിന്റെ ഇപ്പോഴത്തെ പുതുജീവൻ യൂണിയനെ അടുത്ത വർഷം സെപ്റ്റംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിച്ചേക്കും. സിഡിയുവിന്റെ സഹോദര പാർട്ടിയായ സിഎസ്യു ഉൾപ്പെടുന്ന കക്ഷിയാണ് മെർക്കലിന്റ പിന്നിലെ ചാലക ശക്‌തി. ഇപ്പോഴത്തെ സാഹചര്യത്തിൽ യൂണിയന്റെ സ്വീകാര്യത ഏറെ അംഗീകരിപ്പപ്പെടുന്നതിന്റെ സൂചനയാണ് മെർക്കലിന്റെ ജനസമ്മതി.

അടുത്ത വോട്ടെടുപ്പിൽ എതിർ കക്ഷികൾ ജർമനിയെപ്പറ്റി മുതലക്കണ്ണീരൊന്നും ഒഴുക്കിയിട്ടും കാര്യമില്ല എന്നുള്ള അവസ്‌ഥയിലേയ്ക്കു ചുവടുവയ്ക്കുകയാണ് മെർക്കലും പാർട്ടിയും. മെർക്കൽ നാലാം തവണയും ചാൻസലർ സ്‌ഥാനാർഥിയായി അടുത്ത വർഷം വീണ്ടും മത്സരിക്കാനും ചാൻസലറായി തുടരാനും ഈ ഊന്നൽ കൊണ്ട് അവർ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ പ്രഖ്യാപനത്തിലൂടെ യൂണിയൻ വലിയൊരു ഉണർവുണ്ടാക്കിയെന്ന് ഒരു സർവേയിൽ വെളിപ്പെടുത്തുന്നു.

ആംഗല മെർക്കൽ രാജ്യത്തിനാവശ്യമാണ്, യൂണിയൻ വോട്ടർമാർ വ്യക്‌തമായി അനുകൂലമായി സർവേയിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ വോട്ടെടുപ്പ് നടന്നാൽ 31.5 ശതമാനം വോട്ട് മെർക്കലിന് ലഭിക്കും.

എന്നാൽ എസ്പിഡിക്കാവട്ട 10.5 ശതമാനവും ഗ്രീൻ പാർട്ടിക്ക് 22 ശതമാനം ലിഭിച്ചേക്കും. ഇടത് പാർട്ടിയായ ലിങ്കിന് 10.5 ശതമാനവും എഫ്ഡിപിക്ക് 5.5 ശതമാനമാനവും കുടിയേറ്റവിരുദ്ധപാർട്ടിക്ക് 15 ശതമാനമായിരിക്കും ലഭിക്കുക എന്ന് സർവേയിലൂടെ വെളിപ്പെടുന്നത് മെർക്കലിന്റെ നാലാമൂഴത്തിനുള്ള പച്ചക്കൊടിതന്നെയാണ്.

എന്തായാലും തെരഞ്ഞെടുപ്പിന് 10 മാസത്തോളം ബാക്കി നിൽക്കെ മെർക്കലും കക്ഷിയും ജനാഭിലാഷത്തിന്റെ പൂർത്തീകരണത്തിനായി പ്രവർത്തിക്കുമെന്നു തീർച്ച. എങ്കിലും രാഷ്ട്രീയമല്ലെ എന്തും സംഭവിക്കാം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ