ഹൂസ്റ്റണിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു
Wednesday, November 23, 2016 7:40 AM IST
ഹൂസ്റ്റൺ: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റണിലെ ഇന്ത്യ ഹൗസിൽ നടന്ന മാധ്യമശ്രീ പുരസ്കാര ചടങ്ങിന്റെ ഭാഗമായി നടന്ന ‘മാധ്യമങ്ങളും ജനാധിപത്യവും’ എന്ന വിഷയത്തിൽ എം.ബി. രാജേഷ് എംപി പ്രസംഗിച്ചു. ഇന്ത്യൻ പാർലമെന്റിലെ 540 എംപിമാരിൽ 86 ശതമാനവും ശതകോടീശ്വരന്മാരാണെന്നും അവർ ഭൂരിഭാഗം വരുന്ന ഇന്ത്യയിലെ പാവപ്പെട്ടവരുടെ താല്പര്യങ്ങളല്ല സംരക്ഷിക്കുന്നതെന്നും വ്യവസായ വാണിജ്യതാല്പര്യങ്ങൾക്ക് മാത്രമാണ് അവർ ശ്രമിക്കുന്നതെന്നും രാജേഷ് പറഞ്ഞു. ഇന്ത്യയുടെ പൊതുമേഖല സ്‌ഥാപനമായ ഒഎൻജിസിയിലെ പൈപ്പിൽ നിന്ന് റിലയൻസ് വാതകം മോഷ്‌ടിക്കുന്നത് പുറത്തു കൊണ്ടുവരാതെ മൂടിവയ്ക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ഈ പറഞ്ഞ ശതകോടീശ്വരൻമാരുടെ രാഷ്ര്‌ടീയത്തിനു പുറമേ മാധ്യമങ്ങളുടെ നിയന്ത്രണവും ഏറ്റെടുത്തു എന്നുള്ളതാണ്.

ഇന്ത്യൻ പാർലമെന്റ് ശതകോടിശ്വരന്മാരെക്കൊണ്ട് നിറഞ്ഞതാണെന്നും ഏഴായിരത്തി അഞ്ഞൂറ് കോടി രൂപ വിജയ് മല്ല്യയെപോലുള്ളവരുടെ കടം എഴുതിതള്ളുന്ന സർക്കാരുകൾ ജനാധിപത്യം ജനങ്ങൾക്കുവേണ്ടി അവരുടെ ഉന്നമനത്തിനുവേണ്ടി അല്ലെന്നും മറിച്ച് ചെറിയ ശതമാനം വരുന്ന ശതകോടിശ്വരന്മാർക്കും കോർപറേറ്റുകൾക്കും വേണ്ടിയാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.

അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകൾ പിൻവലിച്ചത് ഇന്ത്യൻ സമ്പദ്വ്യവസ്‌ഥയുടെ മുന്നോട്ടുള്ള വേഗത കുറച്ചു എന്നും അതിന് ഗുണത്തെക്കാളേറെ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ പറ്റാത്തതും ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി എന്നും രാജേഷ് പറഞ്ഞു. സെമിനാറിൽ സംസാരിച്ച വീണ ജോർജ് എംഎൽഎ ജീവിതത്തിൽ ഒരിക്കലും തന്റെ മാധ്യമ പ്രവർത്തനം ജനഹിതത്തിനെതിരായി ഒരു വാർത്തയും മുക്കിയിട്ടില്ലെന്നും എല്ലാക്കാലത്തും ജനങ്ങളുടെ പ്രശ്നങ്ങൾ ഭരണാധികാരികളുടെ മുന്നിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്നും എംഎൽഎ ആയതിനുശേഷം ജനങ്ങളുടെ പ്രശ്നത്തിന് ചോദ്യത്തിന് പകരം ഉത്തരം നല്കാൻ അർപ്പണ ബോധത്തോടെ ശ്രമിക്കുകയാണെന്നും പറഞ്ഞു. പ്രകൃതിയെയും മനുഷ്യനെയും സംരക്ഷിച്ചുള്ള വികസനമാണ് താൻ നടപ്പിൽ വരുത്താൻ ആഗ്രഹിക്കുന്നത് മാധ്യമ പ്രവർത്തനത്തിലും അതുതന്നെ ആയിരുന്നു അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതും

അഞ്ചു വർഷമെങ്കിലും പരിചയമുള്ളവർക്കേ കോടതിയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പറ്റുകയുള്ളൂ എന്നത് മ്ലേച്ചമാണെന്നും വീണ ജോർജ് പറഞ്ഞു.

ജനാധിപത്യ പ്രക്രിയയിൽ മാധ്യമങ്ങളുടെ പങ്കു വളരെ വലുതാണെന്നും എന്നാൽ മാധ്യമങ്ങൾ ഏറ്റവും അടിച്ചമർത്തപ്പെടുന്നത് ഇന്ത്യയിലും അമേരിക്കയിലും ആണെന്ന് ചില സംഭവങ്ങളെ ആസ്പദമാക്കി പ്രസ്ക്ലമ്പ് പ്രസിഡന്റ് ശിവൻ മുഹമ്മ പറഞ്ഞു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണൾഡ് ട്രംപ് മാധ്യമങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് പ്രസിഡന്റ് ഒബാമയെ കണ്ടത്. ഇലക്ഷനിൽ മാധ്യമങ്ങളുടെ സപ്പോർട്ട് ഉണ്ടായിട്ടും ഹില്ലരിക്ക് പരാജയം എല്കേണ്ടിവന്നു. മാധ്യമങ്ങൾ എല്ലാം തന്നെ കോർപറേറ്റുകളുടെ നിയന്ത്രണത്തിലായികഴിഞ്ഞു. അവരുടെ താല്പര്യങ്ങളും എല്ലാക്കാലത്തും വിജയിക്കും എന്ന് നിർബന്ധം ഇല്ലെന്നും മാധ്യമങ്ങളുടെ പക്ഷപാതത്തെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയതായും ശിവൻ മുഹമ്മ കൂട്ടിച്ചേർത്തു.

കള്ളപ്പണം പിടിക്കാനായി ഇറങ്ങിയ ഭരണകൂടം പാവപ്പെട്ട കൃഷിക്കാരെയും കച്ചവടക്കാരെയും തകർത്തതല്ലാതെ ഒരു പ്രയോജനവും ആയിരം, അഞ്ഞൂറ് രൂപ പിൻവലിച്ചിട്ട് ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്ന് ജോസ് കാടാപ്പുറം പറഞ്ഞു.

തുടർന്ന് ഡാളസ് ചാപ്റ്റർ പ്രസിഡന്റ് ബിജലി ജോർജ്, രാജു പള്ളത്ത്, കൃഷ്ണ കിഷോർ, ലൂകോസ് ചാക്കോ (മലയാളം പത്രം), സുനിൽ തൈമറ്റം, ഹൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് എബ്രഹാം ഈപ്പൻ, എഴുത്തുകാരനായ എ.സി. ജോർജ്, ഈശോ ജേക്കബ്, സുനിൽ ട്രൈസ്റ്റാർ, ജീമോൻ ജോർജ്, ഏബ്രഹാം മാത്യു (മലയാളം വാർത്ത), ജോയ് തുമ്പമൺ, ജോയിസ്, ഫെന്നി രാജു, തോമസ് ചെറുകര, പൊന്നു പിള്ളയ്, ജോസ് പ്ലാക്കാട്ട്, ശങ്കരൻകുട്ടി, മാർട്ടിൻ, ജോർജ്, റെനി കവലയിൽ, ജിജു കുളങ്ങര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മധു കൊട്ടാരക്കര മോഡറേറ്ററായിരുന്നു. ഹൂസ്റ്റൺ പ്രസ്ക്ലബ് പ്രസിഡന്റ് അനിൽ ആറന്മുള, നാഷണൽ സെക്രട്ടറി ജോർജ് കാക്കനാട്, പി.പി. ചെറിയാൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകി.