കരിപ്പൂർ എയർപോർട്ട് സംരക്ഷണ പ്രക്ഷോഭം: പാർലമെന്റ് മാർച്ചിന്റെ ലോഗോ പ്രകാശനം ചെയ്തു
Wednesday, November 23, 2016 8:43 AM IST
ജിദ്ദ: കരിപ്പൂർ വിമാനത്താവളത്തിന്റെ ചിറകരിയരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ഡിസംബർ അഞ്ചിന് ഡൽഹിയിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന് ജിദ്ദയിലെ പ്രവാസികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മാർച്ചിന്റെ ലോഗോ പ്രകാശനം ജിദ്ദയിലെ രാഷ്ര്‌ടീയ മത സാംസ്കാരിക മാധ്യമ ബിസിനസ് മേഖലകളിലെ പ്രമുഖകരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.

പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സൗദി ഇന്ത്യൻ എയർ ട്രാവലേഴ്സ് അസോസിയേഷൻ (സിയാട്ട) സംഘടിപ്പിച്ച ടേബിൾടോക്കിൽ പങ്കെടുത്തുസംസാരിച്ചവരുടെ നിർദേശങ്ങൾ ക്രോഡീകരിച്ചു സിവിൽ ഏവിയേഷൻ വകുപ്പിനും കേന്ദ്ര സംസ്‌ഥാന സർക്കാരുകൾക്കും ജനപ്രതിനിധികൾക്കും സമർപ്പിക്കുമെന്ന് സിയാട്ട ചെയർമാൻ കെ.സി.അബ്ദുറഹ്മാൻ അറിയിച്ചു.

ഡൽഹിയിൽ മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പാർലമെന്റ് മാർച്ച് വൻ വിജയമാക്കാൻ കൂടുതൽ പ്രതിനിധികളെ ഡൽഹിയിലെത്തിക്കാനും കർമപദ്ധതികൾ ആവിഷ്കരിച്ചു. അന്ന് നാട്ടിലെത്താൻ പറ്റാത്തവർ പ്രതിനിധികളെ അയയ്ക്കാനും അങ്ങനെ അയയ്ക്കപ്പെടുന്ന പ്രതിനിധികളുടെ ചെലവ് അയയ്ക്കുന്നവർ വഹിക്കാനുള്ള സന്നദ്ധതയും അറിയിച്ചു.

ജിദ്ദയിലെ പ്രവാസി സമൂഹം ഈ ധർമ സമരത്തിന് പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമായി ഡിസംബർ മൂന്നിന് (ശനി) രാത്രി 8.30ന് മുഴുവൻ പ്രവാസികളെയും സംഘടിപ്പിച്ചുകൊണ്ട് ജിദ്ദയിൽ ഒരു പ്രതീകാത്മക ധർണ നടത്തും. ചടങ്ങിൽ കരിപ്പൂർ വിമാനത്താവളം നേരിടുന്ന പ്രശ്നങ്ങളെകുറിച്ചും പരിഹാര മാർഗങ്ങളെക്കുറിച്ചും ഒരു സ്ലൈഡ് ഷോ നടത്തും. പരമാവധി ആളുകളെ പങ്കെടുപ്പിച്ചു ധർണ വിജയിപ്പിക്കാൻ ടേബിൾടോക്കിൽ പങ്കെടുത്ത എല്ലാവരും ആഹ്വാനം ചെയ്തു.

എയർ ഇന്ത്യ, സൗദി എയർലൈൻസ്, ഇത്തിഹാദ് എയർവേസ്, എമിറേറ്റ്സ്, ഖത്തർ എയർ വേസ്, ഒമാൻ എയർ, കുവൈത്ത് എയർവേസ് തുടങ്ങിയ വിമാന കമ്പനികളുടെ ജിദ്ദയിലെ പ്രതിനിധികളെ കണ്ടു കോഴിക്കോട്ടേക്കുള്ള ട്രാഫിക്കിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ പ്രധിനിധി സംഘത്തെ അയയ്ക്കാൻ തീരുമാനിച്ചതായും സിയാട്ട ഭാരവാഹികൾ അറിയിച്ചു

സിയാട്ട ചെയർമാൻ കെ.സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. നാസർ ചാവക്കാട്, മുഹമ്മദ് കുട്ടി ചോലയിൽ, എ.പി.കുഞ്ഞാലി ഹാജി, ബഷീർ വള്ളിക്കുന്ന്, സി.കെ.ശാക്കിർ, സി.കെ. മൊറയൂർ, അബ്ദുറഹ്മാൻ കാവുങ്ങൽ, അഡ്വ. ഷംസുദ്ദിൻ, കെ.ടി. അബൂബക്കർ, സാദിഖലി തുവൂർ, കെ.ടി.മുസ്തഫ പെരുവള്ളൂർ, ഷാനവാസ് തലാപ്പിൽ, ഹക്കീം പാറക്കൽ, നാസർ ജമാൽ, റഷീദ് വാരിക്കോടൻ, അഷ്റഫ് കളത്തിങ്ങൽപാറ, അബ്ദുള്ള കുട്ടി പരപ്പനങ്ങാടി, ഇസ്മായിൽ കല്ലായി, കൊയിസൻ ബീരാൻ കുട്ടി, മുഹമ്മദ്സുബൈർ, അബ്ദുൾഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ