ഒബാമ ഇളവു നൽകിയ കുറ്റവാളികളുടെ എണ്ണം റിക്കാർഡ് പിന്നിട്ടു
Wednesday, November 23, 2016 8:46 AM IST
വാഷിംഗ്ടൺ: മയക്കു മരുന്ന് കേസുകളിൽ പിടിക്കപ്പെട്ട അക്രമകാരികളല്ലാത്ത 79 കുറ്റവാളികൾക്കുകൂടി നവംബർ 22ന് മോചനം പ്രഖ്യാപിച്ചതോടെ പ്രസിഡന്റ് ഒബാമ ശിക്ഷ ഇളവ് നൽകുന്നതിൽ റിക്കാർഡിട്ടു.

ഇതോടെ ഒബാമ ഒറ്റയ്ക്ക് ശിക്ഷ ഇളവ് ചെയ്തവരുടെ എണ്ണം 1023 ആയി ഉയർന്നു. മുമ്പ് അധികാരത്തിലിരുന്ന 11 പ്രസിഡന്റുമാർ ആകെ ശിക്ഷ ഇളവ് ചെയ്തതിലും അധികമാണിത്. മയക്കു മരുന്നിനെതിരെ ഗവൺമെന്റ് യുദ്ധം പ്രഖ്യാപിച്ച സമയത്ത് തയാറാക്കിയ നീതിന്യായ വ്യവസ്‌ഥയനുസരിച്ച് ദശാബ്ദത്തോളം ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവരെ ജയിലറകളിൽ സൂക്ഷിക്കുന്നതു ശരിയല്ലെന്ന നിലപാടാണ് ഒബാമയ്ക്കുള്ളത്. മാത്രവുമല്ല

നികുതിദായകരുടെ പണം ഉപയോഗിച്ചു ജയിലുകളിൽ നിറഞ്ഞു കവിയുന്ന കുറ്റവാളികളെ തീറ്റിപോറ്റുന്നതും ഭൂഷണമല്ല. എത്രയോ കുടുംബങ്ങളാണ് ഇതുമൂലം വേദനയനുഭവിക്കുന്നതെന്നും ഒബാമ കൂട്ടി ചേർത്തു. ക്രിമിനൽ ജസ്റ്റീസ് സിസ്റ്റം കാലാനുസൃതമായി പരിഷ്കരിക്കുന്നതിനാവശ്യമായ നടപടികൾ കോൺഗ്രസ് സ്വീകരിക്കണമെന്നും ഒബാമ നിർദ്ദേശിച്ചു. കൂടുതൽ കുറ്റവാളികൾക്കു ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ടു ക്രിമിനൽ ജസ്റ്റീസ് ഗ്രൂപ്പ് ഒബാമയുടെ മേൽ സമ്മർദം ചെലുത്തുന്നുണ്ട്.

അതേസമയം ജയിലുകളിൽ നിന്നും പുറത്തുവിടുന്നവരെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനും അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്‌തമായി ഉയരുന്നുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ