ഇന്ത്യൻ കറൻസി നിരോധനം: ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിനു മുൻപിൽ സമാധാന റാലി
Thursday, November 24, 2016 2:37 AM IST
ന്യൂയോർക്ക്: 500, 1000 നോട്ടുകളുടെ നിരോധനത്തിലൂടെ ഇന്ത്യയിലെ സാധാരണ ജനങ്ങളെ ദുരിതജീവിതത്തിലേക്ക് തള്ളിവിടുകയും, പ്രവാസികളുടെ കൈവശമുള്ള കറൻസികളുടെ മൂല്യമില്ലാതാക്കുകയും ചെയ്ത ബി.ജെ.പി. സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ന്യൂയോർക്ക് കോൺസുലേറ്റിനു മുൻപിൽ സമാധാന റാലി സംഘടിപ്പിക്കുന്നു.

ഒറ്റ രാത്രികൊണ്ട് 500, 1000 നോട്ടുകളുടെ നിരോധനം പ്രവാസികളേയും കാര്യമായി ബാധിച്ചിട്ടുണ്ടെന്ന യാഥാർത്ഥ്യം ഇന്ത്യാ ഗവണ്മെന്റിനെ അറിയിക്കാനും, തീരുമാനത്തെക്കുറിച്ച് പുനർചിന്തനം നടത്താൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം സമർപ്പിക്കാനുമാണ് ഇങ്ങനെയൊരു റാലി നടത്തുന്നതെന്ന് ന്യൂയോർക്കിൽ നിന്ന് യു.എ. നസീർ അറിയിച്ചു.

കള്ളപ്പണം തടയാനാണെന്ന പേരിൽ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് ഇന്ത്യയിൽ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനു പുറമേ, പ്രവാസികളുടെ കൈവശമുള്ള ഇന്ത്യൻ കറൻസികളുടെ മൂല്യം ഇല്ലാതാകുന്നത് അവരെ ആശങ്കാകുലരാക്കിയിട്ടുണ്ടെന്ന് നസീർ പറഞ്ഞു.

ഏകദേശം അഞ്ച് ലക്ഷത്തോളം പ്രവാസികൾ ന്യൂയോർക്ക് ട്രൈസ്റ്റേറ്റ് ഏരിയയിൽ തന്നെയുണ്ട്. ലോകവ്യാപകമായി അഞ്ച് മില്യൺ പ്രവാസികളുണ്ടെന്നാണ് ഏകദേശ കണക്ക്. ഓരോരുത്തരും ഇന്ത്യയിൽ നിന്ന് വരുമ്പോൾ 5000 രൂപയെങ്കിലും കൈവശം വെച്ചിട്ടുണ്ടാകും. അങ്ങനെ വരുമ്പോൾ 250 കോടി രൂപയോളം ട്രൈസ്റ്റേറ്റ് ഏരിയായിലെ പ്രവാസികളുടെ കൈവശവും, 25000 കോടി രൂപ ലോകവ്യാപകമായുള്ള പ്രവാസികളുടെ കൈവശവുമുണ്ടാകുമെന്ന് കണക്കു കൂട്ടുന്നു. ഈ പണമെല്ലാം മാറ്റിയെടുക്കാൻ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾ വഴിയോ ദേശസാൽകൃത ബാങ്കുകൾ വഴിയോ സൗകര്യമൊരുക്കണമെന്നാണ് സംഘാടകർ ആവശ്യപ്പെടുന്നത്. അങ്ങനെ മാറ്റിയെടുക്കാൻ സൗകര്യപ്പെടാത്ത പ്രവാസികൾക്ക് അഞ്ച് വർഷത്തെ സാവകാശം കൊടുക്കണമെന്നും നിവേദനത്തിൽ പറയുന്നുണ്ട്. അതല്ലാത്ത പക്ഷം ഈ പുതിയ പരിഷ്ക്കാരങ്ങൾ ഭാവിയിൽ പ്രവാസികൾക്ക് ഏറെ ദോഷകരമായിത്തീരുമെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ കൈവശമുള്ള ഇന്ത്യൻ കറൻസികൾ നിയമപരമായിത്തന്നെ, ഇന്ത്യൻ സമ്പദ്വ്യവസ്‌ഥയെ മാനിച്ചുകൊണ്ടുതന്നെ, മാറ്റിയെടുക്കാനുള്ള നിയമഭേദഗതി വരുത്തുന്നതിനുപകരം ‘തുഗ്ലക്ക് പരിഷ്ക്കാരങ്ങൾ’ക്ക് സമാനമായ രീതി അടിച്ചേല്പിക്കരുതെന്നാണ് റാലിയുടെ സംഘാടകർ ആവശ്യപ്പെടുന്നത്.

നവംബർ 27 ഞായറാഴ്ച ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിനു മുൻപിൽ (3 ഈസ്റ്റ് 64 സ്ട്രീറ്റ്, ന്യൂയോർക്ക്) ഐഎൻഒസി മുൻ പ്രസിഡന്റ് ജുനേദ് ഖ്വാസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമാധാന റാലിയിൽ മേല്പറഞ്ഞ ആവശ്യങ്ങളുന്നയിക്കുകയും അതോടൊപ്പം ഇന്ത്യാ ഗവണ്മെന്റിനുള്ള നിവേദനം കോൺസുലേറ്റ് അധികൃതർക്ക് കൈമാറുകയും ചെയ്യും.

ഈ റാലിയിൽ പങ്കെടുക്കാനും പ്രവാസികളുടെ ന്യായമായ അവകാശം നേടിയെടുക്കാൻ സഹകരിക്കണമെന്നും എല്ലാ പ്രവാസികളോടും സംഘാടകർ ആഹ്വാനം ചെയ്തു.കൂടുതൽ വിവരങ്ങൾക്ക്: ജുനേദ് ഖ്വാസി 646 286 9728.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ