സീറോ മലബാർ കത്തീഡ്രലിൽ കരുണയുടെ ജൂബിലി വർഷ സമാപനം ഭക്‌തിനിർഭരമായി
Thursday, November 24, 2016 2:37 AM IST
ഷിക്കാഗോ: ഫ്രാൻസീസ് പാപ്പാ പ്രഖ്യാപിച്ച പ്രത്യേക കാരുണ്യ വർഷത്തിന്റെ സമാപനവും അതോടനുബന്ധിച്ച് നടന്ന 40 മണിക്കൂർ ആരാധനയും ക്രിസ്തുരാജ തിരുനാളായ നവംബർ 20–നു സീറോ മലബാർ കത്തീഡ്രലിൽ ഭക്‌ത്യാദരപൂർവം നടന്നു.

ഞായറാഴ്ച രാവിലെ 10.30–നു ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു ശേഷം രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും കാരുണ്യ വർഷാവസാന പ്രാർത്ഥനകളും നടന്നു. കരുണയുടെ വർഷത്തിൽ പ്രത്യേകമായി കരുണാ കവാടത്തിലൂടെ ദണ്ഡവിമോചനം പ്രാപിക്കുവാൻ വിശ്വാസികൾക്കു നൽകിയ ആനുഗ്രഹത്തിന് പിതാവ് ദൈവത്തിനു നന്ദി പറഞ്ഞു. ക്രിസ്തുവിന്റെ രാജത്വം എങ്ങനെ സഭയുടെ കാഴ്ചപ്പാടിൽ എന്നതു വളരെ ലളിതമായ ഭാഷയിൽ പിതാവ് വിശദീകരിക്കുകയുണ്ടായി. കരുണയുടെ ജപമാലയ്ക്കും ദിവ്യബലിക്കുംശേഷം കരുണാ കവാടം അടച്ചതോടെ ഒരുവർഷം നീണ്ടുനിന്ന കാരുണ്യവർഷം ഔദ്യോഗികമായി അവസാനിച്ചു. എങ്കിലും കാരുണ്യവർഷത്തിന്റെ അരൂപിയും അന്തസത്തയും ചോർന്നു പോകാതെ ജീവിതവഴികളിൽ കാത്തുസൂക്ഷിക്കുവാൻ ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ വിശ്വാസികളോട് പറഞ്ഞു.



അസിസ്റ്റന്റ് വികാരി ഫാ. ജെയിംസ് ജോസഫ്, ഫാ. ബെഞ്ചമിൻ, ഫാ. ജോനാസ് ചെറുനിലത്ത്, ഫാ. ജോസ് കപ്പലുമാക്കൽ എന്നീ വൈദീകരും വിശുദ്ധ കർമ്മങ്ങളിൽ പങ്കുചേരുകയുണ്ടായി. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം